പോഷകങ്ങളുടെ കലവറയാണ് ഓറഞ്ച് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഓറഞ്ചിന് എത്രമാത്രം ഗുണമുണ്ടോ അത്ര തന്നെ ഗുണമാണ് ഓറഞ്ച് തൊലിക്കുമുള്ളത്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതാണ് ഇത്. ചർമ്മ സംരക്ഷണത്തിന് സാധാരണയായി ഓറഞ്ച് തൊലി ഉപയോഗിക്കുന്നു. ഇനി ഉറക്കം ലഭിക്കുന്നില്ലെങ്കിലും ഓറഞ്ച് തൊലി സഹായിക്കും. ഓറഞ്ച് തൊലി ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് നല്ലതാണ്.
ഏറെ ഗുണം ചെയ്യുന്ന ഓറഞ്ച് തൊലി എന്നും മുഖത്ത് പുരട്ടാനോ വെള്ളം തിളപ്പിക്കാനോ സമയവും സാഹചര്യവും ഇല്ലാത്തവർക്കുള്ള പരിഹാരമാണ് ഓറഞ്ച് തൊലിയെ അച്ചാറുക്കുക എന്നത്. കേൾക്കുമ്പോൾ അപരിചിതമെന്ന് തോന്നുമെങ്കിലും സംഭവം കിടിലനാണ്. ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് സ്വാദൂറും അച്ചാർ തയ്യാറാക്കി നോക്കൂ..
ആവശ്യമായ ചേരുവകൾ
- പഴുത്ത ഓറഞ്ചിന്റെ തൊലി – ആവശ്യത്തിന്
- പച്ചമുളക് -4
- ഇഞ്ചി ചെറുതായി അരിഞ്ഞത് -1/2 ടീസ്പൂൺ
- വെള്ളുത്തുള്ളി – 6 അല്ലി
- നല്ലെണ്ണ-പാകത്തിന്
- കടുക് -പാകത്തിന്
- കറിവേപ്പില -2 തണ്ട്
- മുളക്‌പൊടി -2 ടീസ്പൂൺ
- മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
- ഉലുവ പൊടി – കാൽ ടീസ്പൂൺ
- കായപൊടി -കാൽ ടീസ്പൂൺ
- വിനാഗിരി -3.5 ടീസ്പൂൺ
- ഉപ്പ് -പാകത്തിന്
- ശർക്കര- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
പഴുത്ത ഓറഞ്ചിന്റെ തൊലി നന്നായി കഴുകിയെടുക്കണം. പിന്നാലെ ചെറുതായി അരിഞ്ഞ് വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം ഊറ്റി കളഞ്ഞെടുക്കുക.
ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർക്കുക. പച്ച മണം മാറുമ്പോൾ ഓറഞ്ച് തൊലി ചേർക്കുക. എണ്ണയിൽ മൊരിച്ചെടുക്കാൻ ശ്രദ്ധിക്കണം.
കുറഞ്ഞ തീയിൽ മൊരിച്ചെടുക്കുക. തുടർന്ന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം മഞ്ഞൾപൊടി , മുളകുപൊടി, ഉലുവപ്പൊടി ,കായപ്പൊടി ഇവ ചേർത്ത് നന്നായി യോജിപ്പിക്കണം. പച്ചമണം മാറി കഴിയുമ്പോൾ കായപ്പൊടിയും ഉലുവാ പൊടിയും ചേർക്കുക. അൽപ്പം ശർക്കരയും ചേർത്ത് അടച്ച് വെച്ച് വേവിക്കുക. ചൂടാറിയ ശേഷം ഭരണിയിലാക്കി സൂക്ഷിക്കാം.















