തിരുവനന്തപുരം: മാനസിക സംഘർഷം കുറയ്‌ക്കുന്നതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്ക് കൗൺസിലിംഗ് ഏർപ്പെടുത്താനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ഡിജിപി നിർദ്ദേശം നൽകി. ദീർഘകാല അവധിയെടുത്ത് മാറി നിൽക്കുന്നവരുടെയും അനുമതിയില്ലാതെ മറ്റ് ജോലികൾ തേടിപ്പോകുന്നവരുടെയും എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. ജോലി സാഹചര്യം സഹിക്കാനാകാതെ ജോലി ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്.
വിവാഹ വാർഷികത്തിനും കുട്ടികളുടെ പിറന്നാളിനും ഉൾപ്പെടെ അവധി നൽകണം, വീക്കിലി ഓഫുകളും അനുവദനീയമായ അവധികളും പരമാവധി നൽകണം, ആഴ്ചയിൽ ഒരു ദിവസം യോഗ പരിശീലിപ്പിക്കണം എന്നിങ്ങനെയാണ് ഡിജിപിയുടെ നിർദ്ദേശത്തിൽ പറയുന്നത്.
പോലീസ് ഉദ്യോഗസ്ഥർക്കിടെയിലെ ആത്മഹത്യയുടെ എണ്ണവും വർദ്ധിക്കുന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. നാല് വർഷത്തിനിടെ 69 പേരാണ് ജീവനൊടുക്കിയത്. വിഷാദ രോഗം കാരണമാണ് കൂടുതൽ പേരും ആത്മഹത്യ ചെയ്തതെന്നാണ് കണക്കുകൾ പറയുന്നത്. ഇത്തരത്തിൽ ആത്മഹത്യാ പ്രവണതയുള്ളവരേയും മാനസിക സമ്മർദ്ദം നേരിടുന്നവരേയും കണ്ടെത്തി കൗൺസിലിംഗ് നൽകാനുമാണ് ഡിജിപിയുടെ നിർദ്ദേശം.















