ചെറിയ പനിക്കും ജലദോഷത്തിനും പോലും വീട്ടിലെ നാട്ടുമരുന്നുകൾ ഉപയോഗിക്കുന്നവരാണ് മലയാളികൾ. തുളസി, ആര്യവേപ്പ്, ആടലോടകം, തുടങ്ങി നിരവധി ഔഷധ സസ്യങ്ങൾ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും. ഇവ വീട്ടിൽ വളർത്തുന്നത് കൊണ്ട് തന്നെ അസുഖങ്ങൾക്കുള്ള പ്രാഥമിക ചികിത്സ നൽകാൻ എളുപ്പവുമാണ്.
അധികം സ്ഥലമോ പരിപാലനമോ ചില ഔഷധസസ്യങ്ങൾക്ക് ആവശ്യമില്ല. അത്തരത്തിൽ വീട്ടിൽ വളർത്താൻ കഴിയുന്ന ചില ഔഷധസസ്യങ്ങളെ പരിചയപ്പെടാം.
1. തുളസി
എല്ലാ മലയാളികളുടെയും വീട്ടിൽ കാണുന്ന ഒന്നാണ് തുളസി. ഇല ചെറുതാണെങ്കിലും അലർജി മുതൽ പനി വരെ മിക്ക അസുഖങ്ങൾക്കുമുള്ള പ്രതിവിധിയാണ് തുളസി. ഹോളി ബേസിൽ എന്നറിയപ്പെടുന്ന ഇതിൽ വിറ്റാമിൻ സി, സിങ്ക്, ആന്റി-ബാക്ടീരിയൽ, ആന്റി-വൈറൽ, ആന്റി- ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രോങ്ങൾക്കുള്ള മികച്ച പ്രതിരോധമാണ് തുളസി.
2. കറ്റാർ വാഴ
സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് കറ്റാർ വാഴ. ഇതിന്റെ നീര് പാനീയ രൂപത്തിൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും ശരീരം തണുപ്പിക്കാനും, ചർമ്മത്തിന് മികച്ച സംരക്ഷണം നൽകാനും സഹായിക്കും. ചെറിയ രീതിയിൽ തീപൊള്ളൽ ഏറ്റാൽ പ്രാഥമിക ചികിത്സയായി കറ്റാർ വാഴ ഉപയോഗിക്കുന്നത് നല്ലതാണ്. കരുത്തുറ്റ തിളക്കമുള്ള തലമുടിക്കും കറ്റാർവാഴ നല്ലതാണ്.

3. കറിവേപ്പില
മലയാളികളുടെ ഭക്ഷണങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാലും പലപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ സ്ഥാനം പുറത്താണ്. നിരവധി ആരോഗ്യ ഗുണങ്ങളാണ് കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ളത്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും തലമുടിയുടെ സംരക്ഷണത്തിനും ഈ ഇല ഉത്തമമാണ്. ഇതിൽ അടങ്ങിയിട്ടുള്ള കാർബസോൾ ആൽക്കലോയിഡുകളാണ് അതിന് കാരണം.

4. പനികൂർക്ക
നിരവധി വീടുകളിൽ കാണുന്ന ഒന്നാണ് പനികൂർക്ക പനി, ജലദോഷം, കഫകെട്ട് തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് ഇത്. വെള്ളത്തിൽ തിളപ്പിച്ചോ, തീയിൽ ചൂടാക്കി നീര് പിഴിഞ്ഞെടുത്തോ ആണ് ഇത് ഉപയോഗിക്കുന്നത്. അധികവും ചെറിയ കുട്ടികൾക്കാണ് ഇത് ഗുണകരമാവുക. നല്ല സൂര്യപ്രകാശമുള്ള സ്ഥലങ്ങളിലാണ് പൊതുവേ ഇത് വളരുക.

5. മല്ലിയില
ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ് മല്ലിയില. ഇതിൽ കാൽസ്യം, പൊട്ടാസ്യം, പ്രോട്ടീൻ, തയാമിൻ, വിറ്റാമിൻ കെ, സി, കരോട്ടിൻ, നിയാസിൻ, ഫോസ്ഫറസ് എന്നി അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുന്നതിന് സഹായകമാണ്.

6. ലെമൺ ഗ്രാസ്
നീളത്തിലുള്ള ഇലകളാണ് ലെമൺഗ്രാസിനുള്ളത്. നല്ല സുഗന്ധവും ഇതിനുണ്ട്. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഈ ഇല അണുബാധകൾ തടയാൻ നല്ലതാണ്. ഇതിലെ ആന്റി- ഫംഗൽ, ആന്റി- ബാക്ടീരിയൽ ഗുണങ്ങങ്ങളാണ് അതിന് സഹായിക്കുന്നത്.
















