ശ്രീനഗർ : കശ്മീരിലെ നല്ല മാറ്റങ്ങളെ ഉയർത്തിക്കാട്ടുന്ന കശ്മീരി കലാകാരന്മാരുടെ റാപ്പ് ഗാനം ഇന്റർനെറ്റിൽ വൈറലാകുന്നു . ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീർ താഴ്വരയിലുണ്ടായ നല്ല മാറ്റങ്ങളെ ആഘോഷിക്കുന്നതാണ് റാപ്പർമാരായ ഹുമൈറ ജാനും എംസി റായും അവതരിപ്പിച്ച “ബദൽത്ത കശ്മീർ” എന്ന ഗാനം . തീവ്രവാദം ഗണ്യമായി കുറയ്ക്കുന്നതിനും കശ്മീരിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിനും എത്രത്തോളം സാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ഈ ഗാനങ്ങൾ .
കേന്ദ്രഭരണപ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന വികസനത്തെ ചിത്രീകരിക്കുന്നതാണ് ‘നയാ കാശ്മീർ’ എന്ന തീം ഗാനം .കശ്മീരിലെ യുവാക്കൾ നിരീക്ഷിക്കുന്ന ഗുണപരമായ മാറ്റങ്ങളെക്കുറിച്ച് ഗാനം വിശദീകരിക്കുന്നു, വിവിധ മതങ്ങളിൽപ്പെട്ട ആളുകൾ തമ്മിലുള്ള സഹവർത്തിത്വം മുതൽ വികസന സംരംഭങ്ങളും സമാധാനപരമായ ജീവിതരീതിയും വരെ ഈ ഗാനത്തിൽ പ്രതിപാദിക്കുന്നു.
കശ്മീരിലെ ജി20 യോഗങ്ങൾ, അമർനാഥ് യാത്ര, ടൂറിസത്തിലെ പുരോഗതി, ഡിജിറ്റൽ ഇന്ത്യയുടെ പുരോഗതി തുടങ്ങിയ സുപ്രധാന സംഭവങ്ങളും ഗാനത്തിൽ പരാമർശിക്കുന്നുണ്ട്. “കശ്മീരിലെ യുവാക്കൾ സംസാരിച്ചു, അതും ഊർജ്ജസ്വലമായ ഒരു റാപ്പ് ഗാനത്തിലൂടെ! #NayaKashmir ന്റെ ഉദയം ഉൾക്കൊള്ളുന്ന ഗാനം കേൾക്കൂ” എന്ന അടിക്കുറിപ്പോടെ കേന്ദ്ര സർക്കാരിന്റെ വെബ് പോർട്ടലും ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്ക് വച്ചു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന, മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ എന്നിവരും വീഡിയോ പങ്കുവെച്ചു.