പാടവരമ്പത്തും പറമ്പിലും നിൽക്കുന്ന തൊട്ടാവാടിചെടിയെ അറിയാത്തവരായി ആരുമുണ്ടാകില്ല. അതിനെ തൊട്ട് വാടിപ്പിക്കുന്ന ഒരു ബാല്യകാലം നമുക്കെല്ലാവർക്കും ഉണ്ടായിരിക്കാം. തൊട്ടാൽ വാടുകയും പിന്നീട് പൂർവ്വ സ്ഥിതിയിലേക്ക് എത്തുകയും ചെയ്യുന്ന ഇലകളാണ് ഇവയ്‌ക്കുള്ളത്. തൊടുമ്പോൾ വാടി പോവുമെങ്കിലും തൊട്ടാവാടിചെടികൾ ആൾ നിസാരക്കാരനല്ല. ഇവയുടെ ഗുണങ്ങൾ അനവധിയാണ്. അറിയാം..
പ്രമേഹം കുറയ്‌ക്കുന്നതിന്

തൊട്ടാവാടിയുടെ ഇലയും പൂവും വേരുമെല്ലാം ഔഷധഗുണങ്ങളടങ്ങിയതാണ്. ഇവയുടെ വേര് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹം കുറയ്‌ക്കുന്നതിന് സഹായകമാണ്.
ചർമ്മ രോഗങ്ങൾ തടയുന്നതിന്

തൊട്ടാവാടിയുടെ ഇല ചർമ്മ രോഗങ്ങൾ തടയുന്നതിന് ഉത്തമമാണ്. ഇവയുടെ ഇലകൾ വെള്ളം ചേർക്കാതെ ഇടിച്ച് പിഴിഞ്ഞെടുത്ത് ചർമ്മരോഗമുള്ളയിടങ്ങളിൽ തേച്ചു പിടിപ്പിക്കാം. ത്വക്കിലുണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാനും തൊട്ടാവാടി നല്ലതാണ്.
വാത രോഗം കുറയ്‌ക്കുന്നതിനും മൂത്രാശയ രോഗങ്ങൾ തടയുന്നതിനും

തൊട്ടാവാടിയുടെ ഇലകൾ കളിമണ്ണുമായി ചേർത്തരച്ച് പുരട്ടിയാൽ വാതരോഗം മൂലമുണ്ടാകുന്ന വീക്കങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ഇതിനുപുറമെ മൂത്രാശയ സംബന്ധമായ രോഗങ്ങൾ തടയുന്നതിന് തൊട്ടാവാടിയുടെ ഇലയും വേരും സമമായി എടുത്ത് ഉണക്കി പൊടിച്ച് അരസ്പൂൺ വീതം പാലിലോ തേനിലോ ചേർത്ത് കഴിക്കാം.
Note: രക്തസമ്മർദ്ദമുള്ള വ്യക്തികളും രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുതലുള്ള വ്യക്തികളും തൊട്ടാവാടി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ഇത് രക്തസമ്മർദ്ദം വീണ്ടും കുറയ്‌ക്കാൻ സാധ്യതയുണ്ട്. തൊട്ടാവാടി ഉപയോഗിക്കുന്നതിന് മുന്നോടിയായി ആയുർവേദ ഡോക്ടറുടെ നിർദ്ദേശം നിർബന്ധമായും തേടുക.















