പ്രായഭേദമില്ലാതെ സ്ത്രീകളിൽ കണ്ടുവരുന്ന ഒരു അസുഖമാണ് അണ്ഡാശയ മുഴകൾ. പലപ്പോഴും ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെയാണ് അണ്ഡാശയ മുഴകൾ ഉണ്ടാകുന്നത്. നല്ലൊരു ശതമാനം ആളുകളിലും രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. ഇത് രോഗ നിർണയത്തിനും ചികിത്സയ്‌ക്കും കാലതാമസം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ചില അണ്ഡാശയ മുഴകൾ മരുന്നോ ചികിത്സയോ ഒന്നുമില്ലാതെ തനിയെ നശിച്ച് പോകാറുണ്ട്. പക്ഷെ, ചില മുഴകളുടെ വലിപ്പം വർദ്ധിക്കുമ്പോൾ അവ ചില ലക്ഷണങ്ങൾ കാണിക്കും. അടിവയറ്റിൽ ചെറുതും വലുതുമായ വേദന, വയറിൽ സമ്മർദ്ദം, വയർ വീർക്കൽ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
രോഗം വരാനുള്ള സാധ്യത ഒരിക്കലും മുൻകൂട്ടി കണ്ടെത്താൻ സാധിക്കില്ല. ഇന്ത്യയിലെ തന്നെ 20 – 25 % സ്ത്രീകളിൽ അണ്ഡാശയ മുഴകൾ ഉണ്ടാകാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഹോർമോൺ അസുന്തിലാവസ്ഥ, ഗർഭധാരണം, എൻഡോമെട്രിയോസിസ്, കഠിനമായ പെൽവിക് അണുബാധ എന്നിവ മൂലമെല്ലാം ഈ രോഗം ഉണ്ടാകാം.
അണ്ഡാശയ മുഴകൾ പൊട്ടുകയാണെങ്കിൽ ചില സമയങ്ങളിൽ വലിയ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഈ സാഹചര്യങ്ങളിൽ അടിയന്തിര വൈദ്യ സഹായം വളരെ പ്രധാനമാണ്. പെട്ടെന്നുള്ളതും കഠിനവുമായ വയറുവേദന (പനിയോ ഛർദ്ദിയോടൊപ്പമുള്ള വേദന), ശ്വാസതടസ്സം, ബലഹീനതയും തലകറക്കവും, തണുപ്പ്, നനഞ്ഞ ചർമ്മം എന്നിവയെല്ലാം അണ്ഡാശയ മുഴകൾ പൊട്ടുന്നതിന്റെ ലക്ഷണമാണ്.
പതിവായി പെൽവിക് പരിശോധനയും സ്ക്രീനിംഗും നടത്തിയാൽ അണ്ഡാശയ മുഴകൾ കണ്ടെത്താൻ സാധിക്കും. പെൽവിക് അൾട്രാസൗണ്ട് പോലുള്ള ഇമേജിംഗ് ടെസ്റ്റുകൾ ആശുപത്രികളിൽ ലഭ്യമാണ്. അണ്ഡാശയ മുഴകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ അതിന്റെ വലുപ്പത്തെ ആശ്രയിച്ചാണ് ഡോക്ടർമാർ ചികിത്സ നിർണയിക്കുന്നത്.















