പത്തനംതിട്ട: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ജില്ലയിൽ മഴ പെയ്യുന്നതോടെ വാഹനങ്ങളുടെ വേഗത കുറയുമെന്നും ഇത് ഗതാഗത പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കരുതുന്നത്.
മഴ ശക്തമായാൽ ശബരിമല പാതയിൽ കുടുങ്ങികിടക്കുന്ന അയ്യപ്പൻമാരെ കൂടുതൽ വലയ്ക്കും. ഇളവുങ്കൽ, പ്ലാപ്പള്ളി, എഴുമേലി കണമല റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പത്തു കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് ഇപ്പോഴുമുള്ളത്. പ്ലാപ്പള്ളി മുതൽ വനപ്രദേശമായതിനാൽ പുറത്തിറങ്ങാനും ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാകും. ഇവിടങ്ങളിൽ അട്ടയുടെ ശല്യവും രൂക്ഷമാണ്.