സൂപ്പർസ്റ്റാർ രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഇരട്ടി സന്തോഷമാണ് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്റെ 73-ാം ജന്മദിനം ആഘോഷത്തോട് അനുബന്ധിച്ച് സ്റ്റൈൽ മന്നന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടയാന്റെ ടൈറ്റിൽ നേരത്തെ റിലീസ് ചെയ്തിരുന്നു. വളരെ അവേശത്തോടെയാണ് ആരാധകർ ടൈറ്റിൽ വിഡിയോ ഏറ്റെടുത്തത്. മണിക്കൂറുകൾക്കകം ആരാധകരുടെ ആവേശം ഇരട്ടിയാക്കി മകൾ ഐശ്വര്യ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ലാൽ സലാം എന്ന ചത്രത്തിന്റെ ഗ്ലീംസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിൽ കാമിയോ ലുക്കിലാണ് രജനികാന്ത് എത്തുന്നത്. സ്റ്റൈൽ മന്നന്റെ മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പൊങ്കൽ റിലീസായിട്ടാണ് ലാൽ സലാമെത്തുക. ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൽ മൊയ്ദീൻ ഭായ് എന്നാണ് രജനിയുടെ കഥാപാത്രത്തിന്റെ പേര്. ദീപാവലി ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ആദ്യ ടീസറിലും രജനികാന്തിന്റെ രംഗങ്ങളുണ്ടായിരുന്നു. ആരാധകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നതെന്നും ഉറപ്പാണ്.
രജനികാന്ത് നായകനാവുന്ന 170-ാമത്തെ ചിത്രത്തിന് വേട്ടയാൻ എന്നാണ് പേര് നൽകിയത്. തലൈവരുടെ മാസ് രംഗങ്ങൾ ഉൾപ്പെടുത്തിയാണ് സിനിമയുടെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ടി.ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധാനം. ജയ്ഭീമിന് ശേഷം അദ്ദേഹം ഒരുക്കുന്ന സിനിമയാണ് വേട്ടയാൻ. രജനികാന്തിനു പുറമെ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, മഞ്ജു വാര്യർ, ഋതിക സിംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. 1991-ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിനു ശേഷം രജനികാന്തും അഭിതാഭ് ബച്ചനും ഒരുമിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകത കൂടി വേട്ടയാനുണ്ട്