ഇടതൂർന്ന നീളമുള്ള മുടിയെന്നത് എല്ലാവരുടെയും സ്വപ്നമാണ്. സ്ത്രീക്കും പുരുഷനും ഒരു പോലം പ്രാധാന്യം നൽകുന്ന ഒന്നാണ് തലമുടി എന്നത്. തലമുടിക്ക് നീളം വയ്‌ക്കാനും കനം വയ്‌ക്കാനുമായി പഠിച്ച പണി പതിനെട്ടും പയറ്റി പരാജയപ്പെട്ടവരാകും നമ്മളിൽ ചിലരെങ്കിലും. മുടികൊഴിച്ചിൽ, വരൾച്ച, താരൻ തുടങ്ങിയ നിരവധി പ്രശഅനങ്ങളും ഇതിന് പുറമേ അനുഭവിക്കുന്നവരാകും പലരും. എന്നാൽ മുടിയുടെ സ്വാഭാവികമായ തിളക്കം നിലനിർത്തുന്നതിനും കരുത്തോടെ വളരുന്നതിനുമായി ചില വസ്തുക്കൾ സഹായിക്കും.
പണ്ടുകാലത്ത് എണ്ണ തേച്ച് കുളിക്കുന്ന സ്വഭാവമള്ളവരായിരുന്നു മലയാളികൾ. അതായിരുന്നു അവരുടെ മുടിയുടെ പരസ്യമായ രഹസ്യം. എന്നാൽ ഇന്ന് പലവിധത്തിലുള്ള വസ്തുക്കളുടെ ഉപയോഗവും ശുചിത്വകുറവും മുടിയുടെ കരുത്തിനെയും തിളക്കത്തെയും ബാധിച്ചു. എന്നാൽ ഇനി പറയുന്ന എണ്ണകൾക്ക് മുടിയിഴകളുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും സ്വാഭാവികതയെ നിലനിർത്താനും കഴിയും. തലമുടിക്ക് പുറമേ ശരീരത്തിനും ഗുണങ്ങൾ നൽകുന്ന ഏഴ് തരം എണ്ണകൾ ഇതാ..
1) ബദാം ഓയിൽ’

വിറ്റാമിൻ എ, വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബദാം ഓയിൽ. മുടിയിഴകളെ പരിപോഷിപ്പിക്കാനും മൃദുത്വവും തിളക്കവും നൽകാനും ഈ എണ്ണ സഹായിക്കുന്നു. മുടികൊഴിച്ചിൽ തടഞ്ഞ് തലയോട്ടിയിലെ വീക്കം കുറയ്‌ക്കാനും ക്രമേണ മുടി വളരുന്നതിനും സഹായിക്കും.
ബദാം ഓയിൽ ഉപയോഗിക്കുന്നത് ചർമ്മത്തിനും ഗുണങ്ങൾ നൽകുന്നു. ചർമത്തിന് മൃദുത്വം നൽകാനും പല തരത്തിലുള്ള ചർമ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായകമാണ്.
2) അർഗൻ ഓയിൽ
ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ ഇ-യും ധാരാളമായി അടങ്ങിയിരിക്കുന്ന ഓയിൽ ആണ് അർഗൻ ഓയിൽ. മൊറോക്കോയിലെ അർഗൻ മരത്തിന്റെ കായിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു ജൈവ ഉൽപന്നമാണ് ‘ലിക്വിഡ് ഗോൾഡ്’ എന്ന് വിളിക്കുന്ന അർഗൻ ഓയിൽ. വരണ്ട മുടി ഉള്ളവർ തീർച്ചയായും ഉപയോഗിക്കേണ്ട എണ്ണയാണ് ഇത്. മൃദുവായ മിനുസമാർന്ന, തിളക്കമുള്ള മുടി സ്വപ്നം കാണുന്നവർക്കും ബെസ്റ്റ് ഓപ്ഷനാണിത്. അർഗൻ ഓയിലിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങൾ തലയിലെ ചൊറിച്ചിലിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്നു.
3) ആവണക്കെണ്ണ

വിറ്റാമിൻ ഇ, പ്രോട്ടീനുകൾ, ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞ എണ്ണയാണ് ആവണക്കെണ്ണ. ദ്രുതഗതിയിലുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കുന്നു. മുടിയുടെ വരൾച്ചയെ തടയാനും താരൻ അകറ്റാനും ആവണക്കെണ്ണ മികച്ച ഓപ്ഷനാണ്. ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുടി വളർച്ചയ്‌ക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും തലയോട്ടിയിലെ അണുബാധ കുറയ്‌ക്കുകയും ചെയ്യുന്നു. ശിരോചർമ്മത്തിൽ ഈ എണ്ണ പ്രയോഗിക്കുന്നത് രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നു. സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണയിൽ അല്പം ആവണക്കെണ്ണ കൂടി ചേർത്ത് തലയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുന്നത് മുടി വളർച്ച മെച്ചപ്പെടുത്തും.
4) വെളിച്ചെണ്ണ
കാലാകാലങ്ങളായി നമ്മുടെ സന്തതസഹചാരി. ശുദ്ധമായ വെളിച്ചെണ്ണ എന്നത് ഇന്നൊരു സങ്കൽപ്പം മാത്രമായി ചുരുങ്ങിയതാണ് പ്രശ്നങ്ങൾക്കും കാരണമായത്. മുടിയിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും.
മുടിയിൽ ഷാംപൂ ചെയ്യുന്നതിനുമുമ്പ് വെളിച്ചെണ്ണ പുരട്ടുന്നത് മുടി കെട്ടു പിണഞ്ഞ് കിടക്കുന്നത് കുറയ്‌ക്കാൻ സഹായിക്കും. മുടി ആഴ്ചയിൽ രണ്ട് മൂന്ന് തവണയെങ്കിലും എണ്ണ തേയ്ച്ചുള്ള കുളി ശീലമാക്കുന്നത് ശിരോചർമ്മത്തിന് ആവശ്യമായ പോഷകങ്ങൾ നൽകും. മുടിക്ക് തിളക്കം നൽകുകാനും വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.
5) ജോജോബ ഓയിൽ

താരനെതിരെ പോരാടാൻ ജോജോബ ഓയിലിനെ കൂട്ടുപിടിച്ചോളൂ. മുടിയുടെ വരൾച്ച തടയാനും ചൊറിച്ചിൽ തടയാനും ഈ എണ്ണ സഹായിക്കും. മുടി പൊട്ടുന്നത് കുറയ്‌ക്കാനും ഇത് മികച്ച ഓപ്ഷനാണ്. എണ്ണയിലെ വിറ്റാമിൻ ഇ, വിറ്റാമിൻ ബി എന്നിവയുടെ സാന്നിധ്യമാണ് തലമുടിയെ സംരക്ഷിക്കുന്നത്.
6) കടുകെണ്ണ

മുടി വളർച്ചയെ സഹായിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് കടുകെണ്ണ. മുടി കൊഴിച്ചിൽ തടഞ്ഞ് ആരോഗ്യകരമായ മുടി വളർച്ചയെ സഹായിക്കാൻ ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയെ വൃത്തിയുള്ളതാക്കുന്നു. കടുകെണ്ണയുടെ പതിവ് ഉപയോഗം കട്ടിയുള്ള, തിളക്കമുള്ള മുടി സമ്മാനിക്കും.
7) ഒലിവ് ഓയിൽ
മുടിക്കുണ്ടാകുന്ന കേടുപാടുകൾ തടയാനും തലയോട്ടിയിൽ മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നത് തടയാനും ഓലിവ് ഓയിലിന് കഴിയും. ഒമേഗ 3 ഫാറ്റി ആസിഡുകൾ മുടിയുടെ വരൾച്ച, തുമ്പ് പൊട്ടൽ, നിറം മങ്ങൽ എന്നിവ തടഞ്ഞ് മുടിക്ക് ആരോഗ്യം നൽകുന്നു.















