ആരാധകരെ ആവേശം കൊള്ളിക്കാൻ പുതിയ അപ്ഡേറ്റുമായി മലൈക്കോട്ടൈ വാലിബൻ ടീം. ആരാധകരുടെ കാത്തിരിപ്പിന് താളമേകുന്നതിനായി ചിത്രത്തിന്റെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. മോഹൻലാലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് ഗാനമെത്തുന്നത്.

‘പുന്നാര കാട്ടിലെ പൂവനത്തിൽ’ എന്ന് ആരംഭിക്കുന്ന ആദ്യ ഗാനമാണ് നാളെയെത്തുന്നത്. മലയാള സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ – ലിജോ ജോസ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും ആരാധകർക്ക് തിയേറ്റർ എക്‌സ്പീരിയൻസ് നൽകുമെന്ന് ഉറപ്പാണ്.
മോഹൻലാലിന് പുറമേ സോണാലി കുൽക്കർണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആർ ആചാരി, ഹരി പ്രശാന്ത് വർമ, രാജീവ് പിള്ള, സുചിത്ര നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. പിഎസ് റഫീക്കിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് 130 ദിവസം കൊണ്ടാണ് പൂർത്തിയായത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.















