ചണ്ഡിഗഢ്: വാടകയ്ക്കെടുത്ത വിവാഹ വസ്ത്രം തിരികെ കൊടുക്കാൻ പോകുന്നതിനിടയിലുണ്ടായ വാഹനാപകടത്തിൽ നവവരൻ മരിച്ചു.പഞ്ചാബിലെ മുക്ത്സർ ജില്ലയിൽ കോട്ഭായ് ഗ്രാമത്തിൽ താമസിക്കുന്ന സനംദീപ് സിംഗാണ് മരിച്ചത്.
യുവാവിന്റെ വിവാഹം രണ്ട് ദിവസം മുമ്പായിരുന്നു. വിവാഹത്തിനായി വാടകയ്ക്കെടുത്ത ഷെർവാണി തിരിച്ച് കൊടുക്കാൻ പോകുന്നതിനിടയിൽ അമിതവേഗതയിലെത്തിയ ട്രക്ക് സനംദീപിന്റെ കാറിൽ ഇടിക്കുകയായിരുന്നു. മരിച്ച സനംദീപ് സിംഗ് പഞ്ചാബ് റവന്യൂ ഡിപ്പാർട്ട്മെന്റിലാണ് ജോലി ചെയ്യുന്നത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.
പോലീസ് സ്ഥലത്തെത്തിയാണ് തകർന്ന കാറിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് യുവാവിന്റെ വീട്ടുകാരെ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.