തിരുവനന്തപുരം: പൊന്മുടി ഏഴാം വളവിൽ നിയന്ത്രണം തെറ്റിയ കാർ 4 അടി താഴ്ചയിലേക്ക് വീണു. മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 1:30- ഓടെയായിരുന്നു അപകടം നടന്നത്. കാറിൽ ‘എൽ’ ബോർഡ് ഉണ്ടായിരുന്നതിനാൽ തന്നെ കാർ ഓടിക്കാൻ അധികം പരിശീലനം ലഭിക്കാത്ത വ്യക്തിയായിരുന്നു ഡ്രൈവറെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അനുവെന്ന സ്ത്രീയായിരുന്നു കാർ ഓടിച്ചിരുന്നത്. ഇവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇത്തരത്തിൽ നിരവധി പേർ ഈ ഭാഗത്ത് വാഹനം ഓടിച്ച് പരിശീലിക്കുന്നതിനായി എത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ വിതുര ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയതായി പോലീസ് അറിയിച്ചു.