കുടുംബത്തിനൊപ്പമോ, സുഹൃത്തുക്കൾക്കൊപ്പമോ പുറത്തുപോയി ആഹാരം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത് അല്ലേ? പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ കിട്ടുന്ന ഒരു അവസരം കൂടിയാണത്. ഹോട്ടലുകളിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആദ്യം നമ്മുടെ ശ്രദ്ധ പോവുക മേശപ്പുറത്ത് നമ്മളെയും കാത്തിരിക്കുന്ന മെനു കാർഡിലേക്കു തന്നെയായിരിക്കും. മത്സ്യം, മാംസം, പച്ചക്കറി തുടങ്ങിയ കാറ്റഗറികളിൽ ഏതു കഴിക്കുമെന്ന സംശയം പലപ്പോഴും നമുക്ക് വരാറുണ്ട്. എന്നാൽ മെനു കാർഡ് കാണുമ്പോൾ നിങ്ങൾക്ക് ഉത്കണ്ഠയോ ഭയമോ തോന്നാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ..
മെനു കാർഡ് കാണുമ്പോൾ ഭയമോ ഉത്കണ്ഠയോ തോന്നുന്നത് ‘മെനു കാർഡ് ഉത്കണ്ഠ’ അഥവാ കോയിൻഡ് സിൻഡ്രോം എന്നറിയപ്പെടുന്നു. സാധാരണയായി ഇത് പുരുഷന്മാരിലാണ് കാണെപ്പെടുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. മെനു കാർഡ് കാണുമ്പോൾ അസ്വസ്ഥതയും സമ്മർദ്ദവും അനുഭവപ്പെടുന്ന ഒരു തരം അവസ്ഥയാണിത്. ബ്രിട്ടീഷ് ഭക്ഷണ ശൃംഖലയായ പ്രസ്സോ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 18 വയസിനും 24 വയസിനും ഇടയിൽ പ്രായം വരുന്ന വ്യക്തികളിൽ നടത്തിയ പഠനത്തിൽ പുരുഷന്മാരിൽ സ്ത്രീകളേക്കാൾ ‘മെനു ഉത്കണ്ഠ’യുണ്ടെന്ന് കണ്ടെത്തി.
മെനു കാർഡ് കാണുമ്പോൾ ഭക്ഷണം ഏത് ഓർഡർ ചെയ്യുമെന്ന സംശയം, ഭക്ഷണം ഓർഡർ ചെയ്യാനുള്ള പേടി, പണം അമിതമായി ചെലവാകുമോ എന്ന ഉത്കണ്ഠ തുടങ്ങിയ ചിന്തകളാണ് രോഗമുള്ളവരെ അലട്ടുന്നതെന്നാണ് പഠനം പറയുന്നത്. ഇത്തരം ഉത്കണ്ഠ അനുഭവപ്പെടുന്നത് ശരീരത്തിന് നല്ലതല്ലെന്നും ഇത് മറ്റു പല രോഗങ്ങളിലേക്ക് നയിക്കുമെന്നും പഠനത്തിൽ പറയുന്നു.















