ഇസ്ലാമാബാദ്: പാകിസ്താനിൽ മോർട്ടർ ഷെൽ പൊട്ടിത്തെറിച്ച് ഏഴ് സ്ത്രീകൾ ഗുരുതരാവസ്ഥയിൽ. സൗത്ത് വസീരിസ്ഥാനിലെ ഹബിബ് കോട് അദാനയിലാണ് ആക്രമണമുണ്ടായത്. വീട്ടാവശ്യങ്ങൾക്കായി സമീപ പ്രദേശത്ത് വിറക് ശേഖരിക്കുന്ന സ്ത്രീകൾക്കാണ് പരിക്കേറ്റത്.
മക്കീൻ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ് ഷുഐബ് ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മോർട്ടർ ഷെല്ലിൽ നിന്നും ഉഗ്രസ്ഫോടനം നടക്കുകയായിരുന്നുവെന്നും ഏഴ് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ റസ്മാക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.