നട്സിന്റെ പട്ടികയിൽ മുൻപന്തിയിലാണ് കശുവണ്ടി എന്ന അണ്ടിപ്പരിപ്പ്. പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഇത്. അനവധി ഗുണങ്ങളാണ് കശുവണ്ടി കഴിക്കുന്നതിലൂടെ ലഭിക്കുന്നത്. ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി.
100 ഗ്രാം കശുവണ്ടിയിൽ 18.22 ഗ്രാം പ്രോട്ടീൻ ആണ് അടങ്ങിയിട്ടുള്ളത്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് അണ്ടിപരിപ്പ്. അതിനാല്‍ ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിൽ നല്ല കൊഴുപ്പിന്റെ അംശം കൂടുതലാണ്. കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. ഹൃദ്രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഒലീക് ആസിഡിന്റെ അളവും ഇതിൽ കൂടുതലാണ്. അതുകൊണ്ട് സ്ഥിരമായി കശുവണ്ടി കഴിക്കുന്നത് ശരീരത്തിനേറെ ഗുണങ്ങൾ നൽകുന്നു.
വെറുതെ ചവച്ചരച്ച് കശുവണ്ടി കഴിക്കുന്നവരും തലേ ദിവസം കുതിർത്തി കഴിക്കുന്നവരുമുണ്ട്. എന്നാൽ കശുവണ്ടി പാലിൽ കുതിർത്ത് കഴിക്കുന്നത് ഏറെ ഗുണങ്ങൾ നൽകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരു ഗ്ലാസ് പാലിൽ നാലേ അഞ്ചോ കശുവണ്ടി കുതിർക്കാൻ വെക്കണം. രാവിലെ വെറും വയറ്റിൽ അണ്ടിപ്പരിപ്പ് കഴിക്കുന്നതും പാൽ കുടിക്കുന്നതും ശരീരത്തിലേക്ക് കാത്സ്യം എത്തുന്നതിന് സഹായിക്കും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അനിവാര്യമാണ് കാത്സ്യം.
നാരുകളാൽ സമ്പുഷ്ടമാണ് അണ്ടിപ്പരിപ്പ്. ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മലബന്ധം പോലുള്ള അസ്വസ്ഥതകളോട് വിട പറയാനും കശുവണ്ടി സഹായിക്കും. പാലിൽ കുതിർത്ത് കഴിക്കുന്നതാണ് അഭികാമ്യം. ആന്റിഓക്സിഡന്റുകളുടെ കലവറയാണ് അണ്ടിപ്പരിപ്പ്. രോഗാണുക്കളെ പ്രതിരോധിക്കാൻ കശുവണ്ടി കഴിക്കുന്നത് സഹായിക്കുന്നു.
അധികമായാൽ അമൃതും വിഷമെന്നത് പോലെ കശുവണ്ടിയും അമിതമായാൽ വിപരീത ഫലം നൽകും. അതുകൊണ്ട് മിതമായ രീതിയിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ശരീരഭാരം കൂടാനും വയറിന് അസ്വസ്ഥത ഉണ്ടാകാനും കാരണമാകും.















