ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ നിന്നും കള്ളക്കടത്തു സംഘത്തിന്റെ ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. 540 ഗ്രാം മയക്കുമരുന്ന് അടങ്ങിയ ഡ്രോണാണ് സുരക്ഷാ സേന കണ്ടെടുത്തത്. പഞ്ചാബ് പോലീസിനും അതിർത്തി സുരക്ഷാ സേനയ്ക്കും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ധാനോ കുർദ് ഗ്രാമത്തിലെ വയലിൽ നിന്നും ഡ്രോൺ ലഭിച്ചത്. ഇതോടെ കള്ളക്കടത്തു സംഘത്തിന്റെ മറ്റൊരു ശ്രമമാണ് തടഞ്ഞതെന്ന് അതിർത്തി സുരക്ഷാ സേന അറിയിച്ചു.
ഇന്നലെ രാത്രിയോടെയാണ് സൈന്യം ഡ്രോൺ കണ്ടെത്തിയത്. ചൈനീസ് നിർമ്മിതിയായ ക്വാഡ്കോപ്റ്റർ DJI Mavic 3 Classic മോഡൽ ഡ്രോണാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുമുമ്പും പ്രദേശത്ത് നിന്നും ഇത്തരത്തിലുള്ള ഡ്രോൺ സൈന്യം കണ്ടെടുത്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച പാകിസ്താൻ കള്ളക്കടത്തു സംഘത്തിന്റെ ഡ്രോൺ ഇത്തരത്തിൽ പിടികൂടിയതായും വരും ദിവസങ്ങളിലും പ്രദേശത്ത് ശക്തമായ പരിശോധന നടത്തുമെന്നും അതിർത്തി സുരക്ഷാ സേന അറിയിച്ചു.