ന്യൂയോർക്ക്: ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ഇപ്പോൾ കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ക്വാഡ് സഖ്യം വഴി ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള സഹകരണം അമേരിക്ക വർദ്ധിപ്പിച്ചു. ഇന്ത്യയുമായി വിവിധ മേഖലകളിൽ പങ്കാളിത്ത സഹകരണം കൂടുതൽ ആഴത്തിലുള്ളതാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇസ്രായേൽ ഹമാസ് സംഘർഷത്തെ കുറിച്ചും ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. ” ഒക്ടോബർ ഏഴിന് സംഭവിച്ചത് ഇനിയൊരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. മേഖലയിലെ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കുക എന്നത് തന്നെയാണ് ആഗ്രഹിക്കുന്നത്. ബന്ദികളാക്കപ്പെട്ടവരെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ എത്തിക്കണം. സംഘർഷം പടരുന്നത് ഒഴിവാക്കണം.
ഹമാസിന്റെ ഭീഷണി ഇല്ലാതാക്കുക എന്നതിനൊപ്പം ഇസ്രായേലികൾക്കും പാലസ്തീനിലെ ജനങ്ങൾക്കും സമാധാനത്തോടെ ജീവിക്കാനുള്ള ഒരു അന്തരീക്ഷം അവിടെ സ്ഥാപിക്കപ്പെടണം. ശാശ്വതമായ ഒരു പരിഹാരമാണ് ഇവിടെ വേണ്ടത്. ഇതിനായി ചില കർശനമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഈ നിർദ്ദേശങ്ങൾ അത് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ തന്നെ മുന്നോട്ട് വയ്ക്കുമെന്നും” ആന്റണി ബ്ലിങ്കൻ പറയുന്നു.