ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ നിറവിലാണ് എല്ലാവരും. ക്രിസ്മസ് സമ്മാനത്തിനും ആഘോഷത്തിനുമൊക്കെ കാത്തിരിക്കുന്നവരാകും മിക്കവരും, പ്രത്യേകിച്ചും കുട്ടികൾ. കൊച്ചി സ്വദേശിയും നാലാം ക്ലാസുകാരനുമായ ശ്രീറാം ഇത്തവണ ഞെട്ടിലിലാണ്, അതുപോലെ തന്നെ സന്തോഷത്തിലാണ്, അത്ഭുതത്തിലാണ്. അപ്രതീക്ഷിതമായി കിട്ടിയ ലാപ്ടോപ്പാണ് ഈ വികാരങ്ങളുടെ കുത്തൊഴുക്കിന് പിന്നിൽ. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നൽകിയതാണ് ഈ ക്രിസ്മസ് സമ്മാനം.
വന്ദേ ഭാരത് സൗഹൃദമാണ് ഇ.എസ് ശ്രീറാം എന്ന കൊച്ചു ബാലന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കാരണമായത്. കഴിഞ്ഞ ഡിസംബർ രണ്ടിനാണ് കോലഞ്ചേരി കടവൂർ യുപി സ്കൂളിലെ വിദ്യാർത്ഥിയായ ശ്രീറാം അമ്മ അംബുജത്തിനൊപ്പം കണ്ണൂരിലേക്ക് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുന്നത്. ഇതിനിടെയിൽ ഏറെ അപ്രതീക്ഷിതമായാണ് കേന്ദ്രമന്ത്രി രാഡീവ് ചന്ദ്രശേഖർ ട്രെയിനിൽ കയറിയതെന്ന് ശ്രീറാമിന്റെ അമ്മ പറയുന്നു.
മന്ത്രിയാണെന്ന് മനസ്സിലായെങ്കിലും ഹിന്ദി അത്ര നന്നായി അറിയാത്തതുകൊണ്ട് അദ്ദേഹത്തോട് സംസാരിക്കാൻ ചമ്മലായിരുന്നുവെന്ന് അംബുജം പറഞ്ഞു. എന്നാൽ മലയാളത്തിൽ അദ്ദേഹം സംസാരിക്കാൻ തുടങ്ങിയതോടെ മകനെ പരിചയപ്പെടുത്തി. കംപ്യൂട്ടറിലും വീഡിയോ എഡിറ്റിങ്ങിലും ഏറെ താത്പര്യമുള്ള ശ്രീറാം അതിനെക്കുറിച്ച് സംസാരിച്ചപ്പോൾ മന്ത്രി കൗതുകത്തോടെ അവനെ കേട്ടിരുന്നു. താൻ സ്വന്തമായി എഡിറ്റ് ചെയ്ത വീഡിയോകൾ മന്ത്രിയെ കാണിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു അവൻ. ഗുഡ്ഗാവിലെ ഐടി കമ്പനികൾ കാണണമെന്നും അവന ആഗ്രഹം പ്രകടിപ്പിച്ചു.
നാലാം ക്ലാസുകാരന്റെ ആഗ്രഹത്തെ മന്ത്രി ചേർത്തുപിടിച്ചു. അവന്റെ വീഡിയോ എഡിറ്റിംഗിലെ മികവ് മനസിലാക്കിയ രാജീവ് ചന്ദ്രശേഖർ പുതിയൊരു ലാപ്ടോപ്പ് നൽകാമെന്ന് ശ്രീറാമിനോട് പറഞ്ഞു. ഒപ്പം അവനെയും കൂട്ടുകാരെയും ഗുഡ്ഗാവിലെ ടെക് കമ്പനികളിലേക്ക് പഠനയാത്ര കൊണ്ടുപോകാമെന്നും ഉറപ്പുനൽകി.
#WATCH | Kochi, Kerala: Union Minister Rajeev Chandrasekhar sent a laptop for Sriram, a class 4th student whom he once met while travelling in the Vandebharat train and promised to give him a laptop pic.twitter.com/CeGLk4VyFD
— ANI (@ANI) December 21, 2023
കൊച്ചിയിലെ സി-ഡാക് ഓഫീസിലാണ് കേന്ദ്രമന്ത്രിയുടെ ക്രിസ്മസ് സമ്മാനം എത്തിയത്. അന്ന് തന്നെ ശ്രീറാമിനെയും പിറവം ജിഎച്ച്എസ്എസിൽ അദ്ധ്യാപികയായ അമ്മ അംബുജത്തെയും അങ്ങോട്ടേക്ക് വിളിപ്പിച്ച് ലാപ്ടോപ്പ് കൈമാറുകയായിരുന്നു. ഏസർ വൺ 14 ലാപ്ടോപ്പാണ് മന്ത്രി നാലാം ക്ലാസുകാരന് സമ്മാനിച്ചത്. പെട്ടി തുറന്ന് നോക്കിയ ശ്രീറാമിന്റെ മുഖത്തെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടുനിന്നവരുടെ മനം കവർന്നു.
ട്രെയിനിൽ വെച്ച് കണ്ടപ്പോൾ അത് മന്ത്രിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞപ്പോഴാണ് ആളെ മനസിലായതെന്നും ശ്രീറാം പറയുന്നു. മന്ത്രി സമ്മാനം തന്നതിന്റെ സന്തോഷം കൂട്ടുകാരുമായി പങ്കുവെക്കുന്നതിന്റെയും കൂടുതൽ വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിന്റെയും തിരക്കിലാണ് ശ്രീറാം.