സൂറത്ത് : ലിഫ്റ്റിൽ അകപ്പെട്ട് കൈ മുറിഞ്ഞ ഒരു വയസുകാരന് ദാരുണാന്ത്യം .ബിഹാർ സ്വദേശിയായ മുകേഷ് റാവുവിന്റെ മകനാണ് മരിച്ചത് . കുടുംബത്തോടൊപ്പം സൂറത്തിലെ വെസു ഏരിയയിലാണ് മുകേഷ് താമസിച്ചിരുന്നത് .
ഈ മാസം ഒൻപതിനാണ് ലോഡിംഗ് ലിഫ്റ്റിന്റെ മെഷീനിൽ കുടുങ്ങി കുട്ടിയുടെ വലതുകൈ അറ്റുപോയത് . ഉടൻ തന്നെ കുട്ടിയെ സിവിൽ ആശുപത്രിയിലെത്തിച്ചു. തോളിൽ നിന്ന് കൈ വേർപെട്ട നിലയിലായിരുന്നു. ഇതുകൂടാതെ തലയിലും ചെവിയിലും ഗുരുതരമായി പരിക്കേറ്റിരുന്നു .
മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കൈ വീണ്ടും തുന്നിച്ചേർത്തിരുന്നു . എന്നാൽ കൈ തുന്നിച്ചേർത്ത ഭാഗത്ത് രക്തചംക്രമണം കുറവാകുകയും, ശരീരത്തിൽ അണുബാധ ഉണ്ടാകുകയും ചെയ്തു. ആരോഗ്യനില വഷളായ കുട്ടി ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.