തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ ഭൂരിഭാഗം കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രമായി 266 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 2,782 ആയി.
ഇന്നലെ 752 പേർക്കാണ് രാജ്യത്ത് കൊറോണ ബാധിച്ചത്. നാല് പേർ രോഗം ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ രണ്ടെണ്ണം കേരളത്തിലും മറ്റുള്ളവ രാജസ്ഥാനിൽ നിന്നും കർണാടകയിൽ നിന്നുമായിരുന്നു. രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം ഇതോടെ 3,420 ആയി. 325 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കൊറോണ വൈറസിന്റെ ഉപവകഭേദമായ ജെഎൻ 1 കണ്ടെത്തിയതോടെ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.