തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കമാൻഡോകൾക്കെതിരെ കേസെടുത്തു. കരിങ്കൊടി പ്രതിഷേധം നടത്തിയവരെ നിയമവിരുദ്ധമായി മർദ്ധിച്ചതിനാണ് കമാൻഡോകൾക്കെതിരെ കേസെടുത്തത്. ഐപിസി 323, 324, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കോടതിയുടെ നിർദ്ദേശ പ്രകാരം കുറുപ്പുംപടി പോലീസാണ് കേസെടുത്തത്. എഫ്ഐആറിൽ പോലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല. നാല് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതിഷേധം നടത്തിയവരെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരടക്കം അഞ്ച് പേർക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപുമടക്കം അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പ്രതികൾക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായത്.
അക്രമികൾക്കെതിരെ പോലീസ് കേസെടുക്കാതിരുന്നതോടെ വീഡിയോയടക്കമുള്ള തെളിവുകൾ നിരത്തി മർദ്ദനമേറ്റ പ്രതിഷേധക്കാർ കോടതിയെ സമീപിച്ചു. തുടർന്ന് ചട്ടവിരുദ്ധമായാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും ആലപ്പുഴ സൗത്ത് പോലീസിനോട് കോടതി ആവശ്യപ്പെട്ടു.