തൃശൂർ: തൃശൂർ എരവിമംഗലത്ത് കഞ്ചാവ് സംഘം വീട് അടിച്ച് തകർത്തു. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് സംഘം അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു സംഘത്തിന്റെ ആക്രമണം.
സോളർ പാനൽ അടിച്ചു തകർക്കുകയും, ചെടിച്ചട്ടികൾ നശിപ്പിക്കുകയും ചെയ്തു. കൂടാതെ മാനസികനില തെറ്റിയ രീതിയിലാണ് സംഘം ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു, ഫിഷ് ടാങ്കിൽ കല്ലും മണ്ണും നിറച്ചു, വീടിന്റെ ശുചിമുറിയിലെ ടൈലുകൾ നശിപ്പിച്ചു.
വീടിന്റെ എല്ലാ ഭാഗങ്ങളിലും സംഘം ആക്രമണം നടത്തി. വീട്ടുമുറ്റത്ത് ഗ്യാസ് സിലിണ്ടറുകൾ വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തി. അക്രമികൾ വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാനും ശ്രമം നടത്തിയിരുന്നതായി വീട്ടുകാർ പറഞ്ഞു.