ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്തിന്റെ നിയമമാണെന്നും അത് നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ബംഗാൾ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ വിമർശനം.
”പൗരത്വ ഭേദഗതി നിയമം നടപ്പാക്കണമെന്നത് ബിജെപിയുടെ പ്രതിബദ്ധതയാണ്. രാജ്യത്ത് ഈ നിയമം നടപ്പാക്കുമോ ഇല്ലയോ എന്ന കാര്യത്തിലും, നിയമം സംബന്ധിച്ചുമെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മമത ബാനർജി ശ്രമിക്കുകയാണ്. സിഎഎ എന്നത് ഈ രാജ്യത്തെ നിയമമാണ്. അത് നടപ്പാക്കുന്നത് തടയാൻ ഒരാൾക്കും സാധിക്കില്ല. ഇത് വളരെ വ്യക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നവർക്കും മതഭീകരവാദികൾക്കുമെല്ലാം പൗരത്വം നൽകുന്നത് സിഎഎ വഴി അവസാനിപ്പിക്കുമെന്നും” അമിത് ഷാ വ്യക്തമാക്കി.
2019ൽ പാസാക്കിയ നിയമത്തെ തൃണമൂൽ കോൺഗ്രസ് എതിർത്തിരുന്നു. അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങൾക്കാണ് നിയമം വഴി പൗരത്വം അനുവദിക്കുന്നത്. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ പെട്ടവർക്ക് നിയമം ഗുണം ചെയ്യുന്നു.