ബെംഗളൂരു: കുട്ടികൾ പൂന്തോട്ടത്തിൽ നിന്നും പൂക്കൾ പറിച്ചതിന് അംഗൻവാടി ജീവനക്കാരിയുടെ മൂക്ക് മുറിച്ചെടുത്ത് മദ്ധ്യവയസ്കൻ. കർണാടകയിലെ ബെലഗാവി ജില്ലയിലെ ബസുര്‍ട്ടെ ഗ്രാമത്തിലാണ് സംഭവം. അംഗൻവാടിയുടെ സമീപത്ത് താമസിക്കുന്ന കല്യാണി മോറെയെന്ന ആളാണ് അംഗന്‍വാടി ജീവനക്കാരി സുഗന്ധ മോറെയുടെ മൂക്ക് മുറിച്ചെടുത്തത്.
തന്റെ പൂന്തോട്ടത്തിലെ പൂക്കൾ കുട്ടികൾ പറിച്ചുവെന്ന് പറഞ്ഞാണ് ഇയാൾ അംഗൻവാടി ജീവനക്കാരിയോട് വഴക്കിട്ടത്. പരസ്പരം വാക്കു തര്‍ക്കം നടക്കുന്നതിനിടെയാണ് കല്യാണി മോറെ 50 കാരിയായ സുഗന്ധ മോറെയുടെ മൂക്ക് മുറിച്ചത്. സംഭവശേഷം ഇയാൾ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
സംഭവശേഷം ഉടൻ തന്നെ അംഗൻവാടി ജീവനക്കാരിയെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.