തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകൾക്കാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
മഴയ്ക്ക് പുറമേ ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
തെക്കു കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെയും വടക്കൻ കേരള തീരത്തിന് സമീപമുള്ള ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനം മൂലമാണ് വീണ്ടും മഴ ശക്തിയാർജ്ജിക്കുന്നത്. അടുത്ത മൂന്ന് നാല് ദിവസം കൂടി മഴ കനക്കുമെന്നാണ് പ്രവചനം.