ശ്രീനഗർ: സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ജമ്മു കശ്മീരിലെ വിദൂര മേഖലയിൽ വൈദ്യുതി എത്തി. നിയന്ത്രണ രേഖയോട് സമീപമുള്ള കുപ്വാര ജില്ലയിലെ കെരാൻ സെക്ടറിലെ വീടുകളിലാണ് വൈദുതി ലൈറ്റുകൾ പ്രകാശിച്ചത്. സമൃദ്ധ് സീമ യോജനയ്‌ക്ക് കീഴിൽ സ്ഥാപിച്ച രണ്ട് 250-കെവി സബ് സ്റ്റേഷനുകൾ കശ്മീരിലെ ഡിവിഷണൽ കമ്മീഷണർ വി കെ ഭിദുരി ഉദ്ഘാടനം ചെയ്തു.
ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയ്‌ക്കും ജമ്മു ഭരണകൂടത്തിനും പ്രദേശവാസികൾ നന്ദി അറിയിച്ചു. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനാണ് ഇന്ന് വിരാമമായത്. കുപ്‌വാരയിലെ കശ്മീർ പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിഡിസിഎൽ) ഇലക്ട്രിക് ഡിവിഷൻ രണ്ട് മാസമെടുത്താണ് വൈദ്യുതീകരണ പദ്ധതി പൂർത്തിയാക്കിയത്.
അടുത്തിടെ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരസ് സെക്ടറിലും ജമ്മു കശ്മീർ ഭരണകൂടം വൈദ്യുതി എത്തിച്ചിരുന്നു. പാക് അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് ഡീസൽ ജനറേറ്റുകൾ വഴിയാണ് വിളക്കുകൾ പ്രകാശിപ്പിച്ചത്. പ്രദേശവാസികൾ ഒന്നടങ്കം ആഘോഷപരമായാണ് വൈദ്യുതി എത്തിയ സന്തോഷം പങ്കുവെച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചിരുന്നു.