അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതവും ക്ഷേത്രത്തിന്റെ മാതൃകയും ഏറ്റുവാങ്ങി ഉണ്ണിമുകുന്ദൻ. രാഷ്ട്രീയ സ്വയം സേവക് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സെന്തിലിൽ നിന്നാണ് അദ്ദേഹം അക്ഷതവും ക്ഷേത്രമാതൃകയും ഏറ്റുവാങ്ങിയത്. ഇതിനോടകം വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേർ അക്ഷതം ഏറ്റുവാങ്ങി. ഭവ്യക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള നിമന്ത്രണപത്രവും ഇതിനോടപ്പം നൽകുന്നുണ്ട്.
നാടെങ്ങും രാമമന്ത്രത്താൽ നിറയുകയാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ഭഗവാൻ ശ്രീരാമനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഭാരതം. ഇതിനോടനുബന്ധിച്ച് രാജ്യത്തെ വിശിഷ്ട വ്യക്തികളിലേക്ക് രാംലല്ലയുടെ അക്ഷതം എത്തിച്ച് ക്ഷണിക്കുകയാണ് രാമഭക്തർ.
രാജ്യത്താകമാനം നടക്കുന്ന സമ്പർക്കത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അനേകംപേർ രാമക്ഷേത്രത്തിലെ അക്ഷതം ഏറ്റുവാങ്ങിയിരുന്നു. സുപ്പർ സ്റ്റാർ രജനീകാന്ത്, ഗായിക ചിത്ര, രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷയുമായ ഡോ. പിടി ഉഷ, നടി ശിവദ എന്നിവർ ഇതിൽ ഭാഗഭാക്കായി.