മിക്ക വീടുകളിലും നട്ടു വളർത്തുന്ന ഔഷധ സസ്യമാണ് ആര്യവേപ്പ്. ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇലകൾ, തൊലി, വിത്ത് തുടങ്ങിയവയെല്ലാം ഔഷധ ഗുണം നിറഞ്ഞതാണ്. ആയൂർവേദത്തിൽ ഒഴിച്ചുകൂടാനാകത്ത ഒന്നാണ് ആര്യവേപ്പ്. ഏകദേശം 12 മീറ്റർ ഉയരത്തിൽ വരെ വളരുന്ന വൃക്ഷമാണിത്. വാതം, ത്വക്ക് രോഗങ്ങൾ, കുഷ്ഠം, രക്ത ദൂഷ്യം, കഫ-പിത്ത ദോഷം എന്നീ രോഗങ്ങൾക്കെല്ലാം പണ്ട് മുതൽക്കേ ഔഷധമായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഗുണത്തിനൊപ്പം ചില ദോഷങ്ങളും ഇവ നൽകുന്നുണ്ട്. അവയിൽ ചിലത് ഇതാ..
വേപ്പിൻ സത്തിൽ ഏറ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് ഗർഭിണികൾ കഴിക്കുന്നത് ഒഴിവാക്കണം. ഗർഭം അലസാൻ ഇത് കാരണമായേക്കും. ദീർഘനേരം കഴിക്കുന്നത് വഴി ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടാൻ കാരണമാകും. വരണ്ട ചർമ്മമുള്ളവർ വേപ്പില ചവയ്ക്കുന്നത് ശ്രദ്ധിക്കണം. വൃക്കിയലെ കല്ലുകൾ വികസിക്കുന്നതിനും ആര്യവേപ്പ് കാരണമാകും. വേപ്പിൻ സത്ത് കഴിക്കുന്നത് പുരുഷന്മാരിൽ ബീജത്തിന്റെ അളവ്, ചലനശേഷി, രൂപഘടന എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. സ്ത്രീകളിൽ അണ്ഡോത്പാദനം തടയാനും കാരണമാകുന്നു. സ്ത്രീയിലും പുരുഷനിലും വന്ധ്യതയ്ക്കും ഇത് കാരണമാകുന്നു.
മുലയൂട്ടുന്ന അമ്മമാരും വേപ്പില കഴിക്കാതിരിക്കേണ്ടതാണ്. മുലപ്പാലിലൂടെ വേപ്പിന്റെ വിഷാംശം ശിശുവിലേക്ക് എത്താൻ ഇടയുണ്ട്. പാലിന് കയ്പ്പേറിയ രുചി നൽകാനും അഇത് കാരണമാകും. കാഴ്ചശക്തി മെച്ചപ്പെടുത്താൻ ആര്യവേപ്പ് ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നതെങ്കിലും അമിത ഉപഭോഗം കാഴ്ചയെ ദോഷകരമായി ബാധിച്ചേക്കാം.















