ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച് ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന വാർത്ത ഏറെനാളുകളായി പ്രചരിക്കുകയാണ്. ഇക്കാര്യങ്ങൾക്കൊന്നും ഔദ്യോഗികമായി ഒരു വെളിപ്പെടുത്തലും താരങ്ങൾ നടത്തിയിട്ടില്ല. ഇരുവരുടെയും വിവാഹ നിശ്ചയം ഉടൻ ഉണ്ടാകുമെന്ന തരത്തിലാണ് ഇപ്പോൾ അഭ്യൂഹങ്ങൾ പടരുന്നത്. തെലുങ്ക് മാദ്ധ്യമങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ ഇത്തരത്തിലൊരു വാർത്ത റിപ്പോർട്ട് ചെയ്തത്.
ഫെബ്രുവരി രണ്ടാം വാരം വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ നിശ്ചയം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിലും താരങ്ങൾ ഇരുവരെയും പ്രതികരണമൊന്നും നടത്തിയിട്ടില്ല. വിശേഷ ദിവസങ്ങളിലും അവധിക്കാലവും ഇരുവരും ഒന്നിച്ച് ആഘോഷിക്കുന്നതാണ് ഇത്തരത്തിലെ അഭ്യൂഹങ്ങൾക്ക് കൂടുതലും വഴിയൊരുക്കുന്നത്. അടുത്തിടെ വിജയുടെ ഹൈദരാബാദിലെ വീട്ടിൽ ഇരുവരും ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
വമ്പൻ ഹിറ്റായ ഗീതാ ഗോവിന്ദത്തിലായിരുന്നു ആദ്യമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 2018-ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഇതിന് ശേഷം 2019-ൽ ഭരത് കമ്മ സംവിധാനം ചെയ്ത റൊമാന്റിക് ആക്ഷൻ ഡ്രാമ ‘ഡിയർ കോമ്രേഡ്’ എന്ന ചിത്രത്തിലും ഒന്നിച്ചെത്തിയിരുന്നു. ഈ രണ്ട് ചിത്രങ്ങളിൽ മാത്രമായിരുന്നു വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചെത്തിയത്.















