കണ്ണൂർ: നൈറ്റ് പട്രോളിംഗിനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച നാല് പേർ അറസ്റ്റിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശി നവീൻ ബാബു, കോട്ടുളി സ്വദേശി ഇകെ നിധിൻ, കണ്ണൂർ സ്വദേശി അബ്ദുൽ റഹീം, മരക്കാർക്കണ്ടി സ്വദേശി സി മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ ഹോട്ടലിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
എടക്കാട് സ്റ്റേഷൻ പരിധിയിലെ പൊതുവാച്ചേരി ഭാസ്കരൻ പീടികയ്ക്ക് സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം. രാത്രി പട്രോളിംഗിനിറങ്ങിയ പോലീസിന് നേരെ കർണാടക രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് നേരെ കുപ്പി എറിയുകയും വടിവാൾ വീശുകയും ചെയ്തെന്നാണ് കേസ്.
കുപ്പി എറഞ്ഞതിൽ പോലീസ് വാഹനത്തിന്റെ ചില്ല് തകരുകയും പോലീസ് ഉദ്യോഗസ്ഥന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംശയാസ്പദമായ രീതിയിൽ കാറ് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് സംഘം പിന്തുടർന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. വാഹനത്തിന്റെ ചില്ല് തകർന്നിട്ടും കാറിനെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഈ സമയം കാറിന്റെ വേഗത കുറച്ച് വടിവാൾ വീശുകയായിരുന്നു.