കണ്ണൂർ: പയ്യാമ്പലത്ത് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. എടക്കാട് സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും 134.178 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി. അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന രാസലഹരിയാണ് ഇയാളിൽ നിന്നും കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡിൽ ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മുമ്പും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. ബെംഗളൂരുവിൽ നിന്നാണ് മെത്താംഫിറ്റമിൻ കൊണ്ടുവന്നതെന്നും ജില്ലയിലെ വിവിധ ഇടങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.