തിരുവനന്തപുരം: പണം ഇരട്ടിപ്പിക്കാമെന്ന വ്യാജേന നടൻ കൊല്ലം തുളസിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനെയുമാണ് പിടികൂടിയത്. സംഭവത്തിൽ സന്തോഷ്‌കുമാർ ഇയാളുടെ മകൻ ദീപക് എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.
ജി ക്യാപിറ്റൽ എന്ന സ്വകാര്യ കമ്പനിയുടെ മറവിലായിരുന്നു പണം തട്ടൽ. കൊല്ലം തുളസിയ്‌ക്ക് പുറമെ നിരവധി ആളുകളെ കബളിപ്പിച്ചുവെന്നാണ് വിവരം. കൊല്ലം തുളസിയിൽ നിന്നും 20 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. ആദ്യം രണ്ട് ലക്ഷം രൂപ നൽകിയിരുന്നു. ഇത് നാല് ലക്ഷം രൂപയായി പ്രതികൾ തിരികെ നൽകി.ഇതിന് പിന്നാലെ നാല് ലക്ഷത്തിന് എട്ട് ലക്ഷം തിരിച്ചു നൽകി. ഇതോടെയാണ് കൊല്ലം തുളസി 20 ലക്ഷം നൽകിയത്. എന്നാൽ ഇതിന് ശേഷം പണം തിരികെ നൽകിയിരുന്നില്ല.
ഇതേ തുടർന്നാണ് കൊല്ലം തുളസി പോലീസിൽ പരാതി നൽകിയത്. സമാന രീതിയിൽ വട്ടിയൂർക്കാവ്, ശ്രീകാര്യം എന്നിവിടങ്ങളിലെ പോലീസ് സ്‌റ്റേഷനുകളിൽ പ്രതികൾക്കെതിരെ കേസ് നിലവിലുണ്ടെന്ന് പോലീസ് പറയുന്നു.














