എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി.നെടുമ്പാശേരി വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി നിരവധി പേരാണ് നഗരത്തിൽ തടിച്ചുകൂടിയത്.
ഏഴരയോടെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിക്കുന്നത്. കെപിസിസി ജംഗ്ഷൻ മുതൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെയാണ് റോഡ് ഷോ നടക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രിയുടെ താമസം സജ്ജീകരിച്ചിരിക്കുന്നത്. നാളെ രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ഉച്ചയോടെ കൊച്ചിയിൽ തിരിച്ചെത്തുകയും ചെയ്യും.
ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി 4,006 കോടി രൂപയുടെ മൂന്ന് സുപ്രധാന പദ്ധതികളാണ് രാജ്യത്തിന് സമർപ്പിക്കുന്നത്. കൊച്ചിൻ ഷിപ്പ്യാർഡിലെ ഡ്രൈ ഡോക്, അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇറക്കുമതി ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി നാളെ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നത്.