ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ വിമാന സർവീസുകളും ട്രെയിനുകളും വൈകുന്നു. മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറയുന്നതാണ് വിമാന സർവീസുകൾ വൈകാൻ കാരണമെന്ന് ഡൽഹി വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഡൽഹിയിലേക്ക് വരുന്ന 18 ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
ഉത്തരേന്ത്യയിലും ശക്തമായ മൂടൽമഞ്ഞ് തുടരുകയാണ്. മൂടൽമഞ്ഞിനെ തുടർന്ന് ഉത്തരേന്ത്യയിൽ 50 ഓളം വിമാനങ്ങളും 20 ട്രെയിനുകളും വൈകിയാണ് ഓടുന്നത്. മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. ചമോലി ജില്ലയിലാണ് ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ബദരീനാഥ് ധാം, ഹേമകുണ്ഡ്, രുദ്രനാഥ് തുടങ്ങിയ പ്രദേശങ്ങളിലും അതിശക്തമായ മഞ്ഞുവീഴ്ചയാണ്. ജോഷി മഠ്, ഔലി എന്നീ താഴ്ന്ന പ്രദേശങ്ങളിൽ രാത്രിയിൽ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.