ന്യൂഡൽഹി : അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് രാജ്യമെമ്പാടുമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ച വരെ അവധി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ . രാജ്യത്തെ സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും രാവിലെ മുതൽ ഉച്ചയ്ക്ക് 2.30 വരെ അവധിയായിരിക്കും.
പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം ജനങ്ങൾക്ക് കാണാനായി സൗകര്യം ഒരുക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചത് .ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ പ്രമാണിച്ച് ജനുവരി 22 ന് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും പകുതി ദിവസം അടച്ചിടുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
എല്ലാ മന്ത്രിമാരിൽ നിന്നും അഭിപ്രായം സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി ഈ തീരുമാനം കൈക്കൊണ്ടത് . ജനുവരി 22 ന് മന്ത്രിമാരോട് വീടുകളിൽ വിളക്ക് തെളിയിക്കാനും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനും നിർദേശിച്ചിട്ടുണ്ട്. ദീപാവലി പോലെ ആഘോഷിക്കാനും മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 22ന് ശേഷം അയോദ്ധ്യയിലേക്ക് അതത് പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നുള്ള ആളുകളെ ട്രെയിനുകളിൽ അയക്കണമെന്ന് പ്രധാനമന്ത്രി മന്ത്രിമാരോട് നിർദേശിച്ചിട്ടുണ്ട് .