നാലുവർഷങ്ങൾക്ക് ശേഷം പ്രേക്ഷകർ ആഗ്രഹിച്ച മോഹൻലാലിനെ സ്ക്രീനിൽ കാണാൻ കഴിഞ്ഞെന്നാണ് നേര് സിനിമ കണ്ട ഓരോ പ്രേക്ഷകരും പറഞ്ഞത്. ക്രിസ്മസ് റിലീസായി ഡിസംബർ 21-ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന് 100 കോടി ക്ലബിൽ കയറാൻ കഴിഞ്ഞതായി റിപ്പോർട്ടുകളിൽ പറയുന്നു. തീയേറ്ററുകളിൽ അലയടിച്ച ചിത്രം ഇനി ഒടിടിയിലും എത്തുകയാണ്.
സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ജനുവരി 23-നാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രത്തിന് ഒടിടിയിലും പ്രേക്ഷക സ്വീകാര്യത വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവർത്തകർ.
2023-ൽ റിലീസ് ചെയ്ത് 100 കോടി ക്ലബ്ബിലെത്തിയ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നേര്. രാജ്യത്ത് 500 തിയേറ്ററുകളിലും ഇന്ത്യക്ക് പുറത്ത് 400 തിയേറ്ററുകളിലുമാണ് നേര് പ്രദർശിപ്പിച്ചത്. ആദ്യദിനം മുതൽ മികച്ച കളക്ഷനാണ് ജീത്തു ജോസഫ് ചിത്രമായ നേര് നേടിയത്. അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, പ്രിയാമണി തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.