ഒരുപാട് വിശേഷണങ്ങൾ ആവശ്യമില്ലാത്ത ഒന്നാണ് അരിപ്പൊടി. അടുക്കളയിലെ മാത്രമല്ല മുഖകാന്തിക്കും അടിപൊളിയാണ് അരിപ്പൊടി. പായ്‌ക്ക് ചെയ്ത് വരുന്ന അരിപ്പൊടിയല്ലാതെ, പച്ചരി പൊടിച്ചുണ്ടാക്കുന്ന പൊടി ഉപയോഗിച്ച് സുന്ദരിയും സുന്ദരനുമാകാം. പച്ചരി നന്നായി കഴുകി ഉണക്കി പൊടിച്ചെടുക്കുകയേ വേണ്ടൂ..
നൂറ്റാണ്ടുകളായി ജപ്പാൻ, കൊറിയ, ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ അരിപ്പൊടി സൗന്ദര്യ വർദ്ധക വസ്തുവായി ഉപയോഗിക്കുന്നു. തരിതരി ആയോ മിനുസമായോ അരി പൊടിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. അരിപ്പൊടി ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഇതാ..
മൃതകോശങ്ങളെ പുറന്തള്ളുന്നു
ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സുഷിരങ്ങൾ ചുരുക്കാനും അരിപ്പൊടി സഹായിക്കുന്നു. അരിപ്പൊടിയിൽ തരി ഉള്ളതിനാൽ തന്നെ മികച്ച സ്ക്രബ് ആയിട്ടും ഇത് ഉപയോഗിക്കാവുന്നതാണ്. മിനുസമുള്ളതും തിളക്കമാർന്നതുമായ ചർമ്മം ലഭിക്കാൻ അരിപ്പൊടി ഉപയോഗിക്കാം
മുഖത്തിന് തിളക്കം
കറുത്ത പാടുകളും മറ്റും കുറച്ച് മുഖകാന്തി വർദ്ധിപ്പിക്കാൻ അരിപ്പൊടി സഹായിക്കുന്നു. ഇതിൽ ധാരാളം വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചർമ്മത്തിന് തിളക്കവും പ്രസരിപ്പും നൽകുന്നു.
എണ്ണമയത്തെ നിയന്ത്രിക്കാൻ
എണ്ണമയമുള്ള ചർമ്മം ഉള്ളവർക്ക് അരിപ്പൊടി ഉപയോഗിക്കാം. സുഷിരങ്ങൾ ചുരുക്കാനും എണ്ണമയത്തിന് കാരണമാകുന്ന സെബം ഉത്പാദനം കുറയ്‌ക്കാനും അരിപ്പൊടിക്ക് കഴിയുന്നു.
അലർജിക്ക് ആശ്വാസം
മുഖത്ത് അലർജി, ചുവന്ന് തടിക്കൽ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് അരിപ്പൊടി ഉപയോഗിക്കാം. സെൻസിറ്റീവ് ചർമ്മുള്ളവരും എക്സിമ, റോസേഷ്യ പോലുള്ള അവസ്ഥകളോട് പൊരുതുന്നവർക്കും ഇത് ഉപകാരപ്രദമാകും.
യുവത്വം നിലനിർത്താൻ
കോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും അരിപ്പൊടി സഹായിക്കുന്നു. ഇതുവഴി ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താൻ അരിപ്പൊടിക്ക് കഴിയുന്നു. മിനുസമുള്ള ചർമ്മം ലഭിക്കാൻ ഇത് സഹായിക്കുന്നു.
അരിപ്പൊടി ഉപയോഗിക്കേണ്ടതിങ്ങനെ…
1) സ്ക്രബ്:- രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ വെള്ളവും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി രണ്ട് മിനിറ്റോളം വൃത്താകൃതിയിൽ മസാജ് ചെയ്യുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളുന്നതിനും സുഷിരങ്ങൾ അടയ്‌ക്കുന്നതിനും നല്ലതാണ്.
2) ഫേസ്പാക്ക്:- രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി, ഒരു ടേബിൾ സ്പൂൺ തൈര്, ഒരു നുള്ള് മഞ്ഞൾ എന്നിവ പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തിന് തിളക്കം നൽകുകയും കറുത്ത പാടുകൾ കുറയ്‌ക്കുന്നതിനും ഈ ഫേസ്പാക്ക് സഹായിക്കും.















