കാബൂൾ: അവിവാഹിതരായ സ്ത്രീകൾക്ക് അഫ്ഗാനിൽ തൊഴിൽ-സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് താലിബാൻ. പുരുഷനായ രക്ഷിതാവോ അല്ലെങ്കിൽ ഭർത്താവോ ഇല്ലാത്ത സ്ത്രീകൾക്ക് ജോലിക്ക് പോകാനും യാത്ര ചെയ്യാനും താലിബാൻ നിയന്ത്രണമേർപ്പെടുത്തുന്നതായി ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ആരോഗ്യമേഖലയിൽ ജോലിക്ക് എത്തിയിരുന്ന സ്ത്രീയെ പുറത്താക്കിയാണ് താവിബാന്റെ വൈസ് ആൻഡ് വെർച്യൂ മന്ത്രാലയം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. ജോലിയിൽ തുടരണമെങ്കിൽ വിവാഹം കഴിക്കണമെന്നായിരുന്നു താലിബാന്റെ ആവശ്യം. അവിവാഹിതരായ സ്ത്രീകൾ ജോലി ചെയ്യുന്നത് അനുചിതമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ഇതിനോടകം നിരവധി പൊതുസേവനങ്ങൾ താലിബാൻ നിഷേധിച്ചിട്ടുണ്ട്. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാർത്ഥിനികൾക്ക് സ്കൂളിൽ പോകാൻ അവകാശില്ല. ഡ്രസ് കോഡ് നടപ്പിലാക്കിയും സലൂണുകൾ അടച്ചുപൂട്ടിയും പാർക്കുകളിലേക്ക് പ്രവേശനം നിഷേധിച്ചും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അനവധി നിയന്ത്രണങ്ങളാണ് താലിബാൻ നടപ്പിലാക്കിയത്. 2021ൽ അഫ്ഗാനിൽ ഭരണം പിടിച്ചെടുത്തത് മുതൽ താലിബാൻ ഇക്കാര്യങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു,