മലൈക്കോട്ടൈ വാലിബൻ പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ റിലീസ് ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. മലൈക്കോട്ടൈ വാലിബനെ കൂടാതെയുള്ള സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ പേരുകൾ വെളിപ്പെടുത്തുന്നതാണ് വീഡിയോ. നെഗറ്റീവ് കഥാപാത്രങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന.
കേളു മല്ലൻ, മാങ്ങാട്ട് മല്ലൻ, മെക്കാളെ മഹാരാജ്,ലേഡി മെക്കാളെ, ചമതകൻ തുടങ്ങിയ ചില കഥാപാത്രങ്ങളുടെ പേരുകളും മോഹൻലാലിന്റെ മാസ് ഡയലോഗുമാണ് ടീസറിലുള്ളത്. 1 മിനിറ്റ് 10 സെക്കൻഡുള്ള വീഡിയോ മോഹൻലാൽ അടക്കമുള്ളവർ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പുറത്ത് വിട്ടത്.
രണ്ടു മണിക്കൂർ ഏഴ് മിനിറ്റാണ് മലൈക്കോട്ടൈ വാലിബന്റെ ദൈർഘ്യം. ഒരു യോദ്ധാവായാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യൻ സിനിമയിൽ ഇന്ന് വരെ ഉണ്ടായിട്ടില്ലാത്ത വലിയൊരു കാൻവാസിൽ ചെയ്തിരിക്കുന്ന സിനിമയെന്നാണ് സിനിമയെക്കുറിച്ച് അണിയറപ്രവർത്തകർ പറഞ്ഞിട്ടുള്ളത്.















