തിരുവനന്തപുരം: കേരളത്തിൽ നിന്നും കശ്മീരിലേക്ക് ചെലവ് കുറഞ്ഞ യാത്ര യാഥാർത്ഥ്യമാക്കി റെയിൽവേ. കന്യാകുമാരി-കത്ര ഹിമസാഗർ എക്സ്പ്രസിലൂടെ ജമ്മുവിലെത്താം. വൈകിട്ട് 4.05-നാണ് ട്രെയിൻ തലസ്ഥാനത്ത് എത്തുന്നത്. ഏകദേശം 66 മണിക്കൂർ 30 മിനിറ്റാണ് കശ്മീരിലേക്കുള്ള യാത്രാ സമയം.
തിരുവനന്തപുരത്ത് നിന്ന് സ്ലീപ്പറിന് 1,070 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി ത്രീ ഡയറിന് 2,765 രൂപയും എസി ടൂ ടയറിന് 4,905 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കശ്മീരിൽ നിന്നുമുള്ള മടക്കയാത്ര ചൊവ്വാഴ്ചയാണ് ആരംഭിക്കുന്നത്. വ്യാഴാഴ്ച രാത്രി 11.20-ന് ട്രെയിൻ കന്യാകുമാരിയിൽ എത്തും. 71 മണിക്കൂർ 10 മിനിറ്റാണ് മടക്കയാത്രയ്ക്കെടുക്കുന്ന സമയം.
രാജ്യത്ത് ഏറ്റവും അധികം ദൂരം സഞ്ചരിക്കുന്ന ട്രെയിനുകളിൽ ഒന്നാണ് ഹിമസാഗർ എക്സ്പ്രസ്. കന്യാകുമാരിയിൽ നിന്നും ജമ്മു കശ്മീരിലേക്കാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. 12 സംസ്ഥാനങ്ങൾ താണ്ടി 3,715 കിലോമീറ്ററാണ് ട്രെയിൻ സഞ്ചരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും കന്യാകുമാരിയിൽ നിന്ന് സർവീസ് ആരംഭിക്കും. ജമ്മുവിൽ നിന്ന് എല്ലാ തിങ്കളാഴ്ചയുമായിരിക്കും സർവീസ് ആരംഭിക്കുക.
കേരളത്തിൽ 11 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്. തിരുവനന്തപുരം സെൻട്രൽ, കൊല്ലം ജംഗ്ഷൻ, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. കേരള, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മദ്ധ്യ പ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ട്രെയിൻ കടന്നു പോകുന്നത്. 69 സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ കടന്നു പോകുന്നത്.