തുടർച്ചയായി ഹിറ്റുകളൊരുക്കി മുന്നേറുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. താരത്തിന്റേതായി തിയേറ്ററിലെത്തുന്ന അടുത്ത ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15-ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പുതിയൊരു അപേഡേഷനാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒറിജിനൽ മോഷൻ പിക്ചർ സൗണ്ട്ട്രാക്കാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തീം സോംഗ് ഉൾപ്പെടെ ആറ് ട്രാക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ പോലെ തന്നെ ഭയം ജനിപ്പിക്കുന്ന തരത്തിലെ പാട്ടുകൾ തന്നെയാണ് മുഴുവനും. യുട്യൂബിലും പ്രധാന സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലും സൗണ്ട്ട്രാക്ക് ലഭ്യമാണ്. ചിത്രത്തിന് ക്രിസ്റ്റോ സേവ്യറാണ് സംഗീതം പകർന്നിരിക്കുന്നത്. ദിൻ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്സ് എന്നിവരാണ് രചയിതാക്കൾ. ക്രിസ്റ്റോ സേവ്യർ, അഥീന, സായന്ത് എസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അർജ്ജുൻ അശോകനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹൊറർ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ പ്രതിനായക വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുന്നതെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ് ചിത്രം പറയുന്നത്.