പത്തനംതിട്ട: പച്ചക്കറി ലോറിയും ഗാനമേള ട്രൂപ്പ് സഞ്ചരിച്ച വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കോഴഞ്ചേരിയിലാണ് സംഭവം. രാവിലെ 6.45 ഓടെയാണ് അപകടമുണ്ടായത്. ഗാനമേള ട്രൂപ്പിന്റെ വാനിൽ ഉണ്ടായിരുന്ന പുന്നപ്ര സ്വദേശി അഖിൽ ലോറി ഡ്രൈവർ നീലഗിരി സ്വദേശി അജിത് എന്നിവരാണ് മരിച്ചത്.
വാനിൽ യാത്ര ചെയ്തിരുന്ന ആലപ്പുഴ മുതുകുളം സ്വദേശി സുർജിത്തിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്.
സീതത്തോട്ടിലെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഗാനമേള സംഘം. നീലഗിരിയിൽ നിന്നും പച്ചക്കറി കയറ്റി വരികയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്നു. ഏറെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.