ന്യൂഡൽഹി: പരീക്ഷ പേ ചർച്ചയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പരീക്ഷ പേ ചർച്ചയിൽ നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളുമാണ് പങ്കെടുക്കാനെത്തിയത്. വിദ്യാർത്ഥികളുടെ കഴിവുകൾ പ്രകടമാക്കുന്ന എക്സിബിഷനും പ്രധാനമന്ത്രി സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ വാക്കുകൾ കേൾക്കാൻ വിദ്യാർത്ഥികൾ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എക്സിൽ കുറിച്ചു. വിദ്യാർത്ഥികളുടെ പരീക്ഷ പേടിയും, മാനസിക സമ്മർദ്ദവും കുറയ്ക്കുന്നതിനാണ് പരീക്ഷ പേ ചർച്ച ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ എക്സാം വാരിയേഴ്സ് പുസ്തകത്തെ ആധാരമാക്കിയാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. എക്സാം വാരിയേഴ്സ് പുസ്തകവും പ്രത്യേക പരീക്ഷാ പേ ചർച്ചാ കിറ്റും സർട്ടിഫിക്കറ്റും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനിക്കും.
വാർഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ സമ്മർദ്ദത്തെ ലഘൂകരിക്കും വിധത്തിലുള്ള ചർച്ചകളാകും പ്രധാനമായും നടക്കുക. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രധാനമന്ത്രി നിർദ്ദേശങ്ങൾ നൽകും. യുവാക്കൾക്ക് ആശ്വാസകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സമൂഹത്തിനും ഗുണകരമാകുന്ന വിധത്തിൽ ഓരോ കുട്ടികളുടേയും കഴിവുകൾ അംഗീകരിച്ച് എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.