ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ സരയൂ നദീ തീരത്ത് സ്ഥാപിക്കാൻ ഒരുങ്ങി യോഗി സർക്കാർ . 823 അടി ഉയരമുള്ള ശ്രീരാമ പ്രതിമ, ഹരിയാനയിലെ മനേസറിലെ ഒരു ഫാക്ടറിയിലാണ് രൂപപ്പെടുന്നത്.
ഹരിയാനയിൽ നിന്നുള്ള പ്രശസ്ത ശിൽപി നരേന്ദർ കുമാവതിനെയാണ് ഈ സ്മാരക പ്രതിമയുടെ രൂപീകരണ ചുമതല ഏൽപ്പിച്ചിരിക്കുന്നത് . ലോക റെക്കോർഡിൽ ഈ പ്രതിമ ഇടം നേടുമെന്നാണ് സൂചനകൾ .
13,000 ടൺ ഭാരമുള്ളതാകും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പ്രതിമ . ഗുജറാത്തിലെ കെവാഡിയയിലുള്ള സർദാർ പട്ടേലിന്റെ 790 അടി പ്രതിമയുടെ നിലവിലെ റെക്കോർഡ് മറികടന്ന് ലോക റെക്കോർഡിൽ ഈ പ്രതിമ ഇടം നേടുമെന്നാണ് സൂചനകൾ .
നരേന്ദർ കുമാവത് ഈ പ്രതിമയെ സ്വദേശി കരകൗശലത്തിന്റെ പ്രതീകമായി വിഭാവനം ചെയ്യുന്നു . ഇന്ത്യയിൽ പൂർണ്ണമായും രൂപകല്പന ചെയ്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി ഇത് മാറും. പ്രതിമ നിർമ്മാണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകാരം നൽകിക്കഴിഞ്ഞു. അഞ്ച് പുണ്യ ലോഹങ്ങൾ സംയോജിപ്പിച്ച് നിർമ്മിച്ച ഈ ശിൽപം പൂർത്തിയാക്കാൻ ഏകദേശം 3,000 കോടി രൂപ ചെലവ് കണക്കാക്കുന്നു.
നമോ ഘട്ടിലെ ശിൽപം, സുപ്രീം കോടതിയിലെ ബാബാ സാഹിബ് അംബേദ്കറുടെ പ്രതിമ എന്നിവ ഉൾപ്പെടെ, ഇന്ത്യയിലുടനീളമുള്ള വിവിധ സ്മാരക സൃഷ്ടികളിൽ നരേന്ദർ കുമാവത്തിന്റെ സൃഷ്ടിപരമായ സ്പർശം പ്രകടമാണ്.