കൊൽക്കത്ത: ഇൻഡി സഖ്യം തകർന്ന് തരിപ്പണമാകുന്നു. കോൺഗ്രസിന് നേരെ പരിഹാസവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസ് 40 സീറ്റ് എങ്കിലും നേടുമോയെന്ന് തനിക്ക് സംശയമാണെന്നായിരുന്നു മമതയുടെ വാക്കുകൾ. സിറ്റ് ചർച്ചകളിലുണ്ടായ അഭിപ്രായഭിന്നത മൂലം തകർച്ചയുടെ വക്കിൽ തുടരുന്ന ഇൻഡി സഖ്യത്തിനേറ്റ തിരിച്ചടിയാണ് മമതയുടെ വാക്കുകൾ. ബംഗാളിലെ മുർഷിദാബാദിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘‘വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ 300-ൽ 40 സീറ്റുകളിലെങ്കിലും വിജയിക്കാൻ കോൺഗ്രസിന് സാധിക്കുമോയെന്ന് എനിക്ക് സംശയമാണ്. എല്ലാവരും ഇൻഡി സഖ്യത്തിന്റെ ഭാഗമാണ്. എന്നിട്ട് നിങ്ങൾ ബംഗാളിൽ വന്നിട്ട് അത് പറഞ്ഞില്ല. സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞാണ് ഞാനത് അറിഞ്ഞത്. എന്തൊരു അഹങ്കാരമാണ് ഇത്, എന്തിനാണ് അത്. ധൈര്യമുണ്ടെങ്കിൽ യുപിയിലും ബനാറസിലും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും പോയി ബിജെപിയെ പരാജയപ്പെടുത്തു.
ഞങ്ങൾ ഒരു സഖ്യത്തിന് തയ്യാറായിരുന്നു, കോൺഗ്രസിന് രണ്ട് സീറ്റ് വാഗ്ദാനം ചെയ്തു, എന്നാൽ അത് അവർ നിരസിച്ചു. എങ്കിൽ പിന്നെ അവർ 42 സീറ്റുകളിലും ഒറ്റയ്‌ക്ക് മത്സരിക്കട്ടെ. ഇതിന് ശേഷം കോൺഗ്രസുമായി ഒരു ചർച്ചയുമുണ്ടായിട്ടില്ല. രാഹുൽ നയിക്കുന്ന യാത്ര ദേശാടന പക്ഷികളുടെ പറക്കൽ പോലെയാണ്. ഫോട്ടോഷൂട്ടിന് വേണ്ടിയുള്ളതാണ്.
പശ്ചിമബംഗാളിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മമതമായി കോൺഗ്രസ് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒറ്റയ്‌ക്ക് മത്സരിക്കാനാണ് തീരുമാനം എന്ന് അറിയിച്ചതോടെ ബംഗാളിലെ സഖ്യം തകർന്നിരുന്നു. ഇതിന് പിന്നാലെ മുന്നണിയിലെ പ്രധാന കക്ഷിയായ ജെഡിയു കൂടി മുന്നണി ഉപക്ഷിച്ച് എൻഡിഎ പക്ഷത്ത് എത്തിയതോടെ അകെ അങ്കലാപ്പിലാണ് കോൺഗ്രസ്.