സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിലെത്തിയ ഫൈറ്റർ സിനിമക്കെതിരെ വക്കീൽ നോട്ടീസ്. ചിത്രത്തിൽ വ്യോമസേനയുടെ യൂണിഫോം ധരിച്ച് ഹൃത്വിക് റോഷനും ദീപിക പദുക്കോണും ചുംബന രംഗം അഭിനയിച്ചതിനാണ് നോട്ടീസ്. ചിത്രത്തിന്റെ നിർമ്മാതാക്കൾക്കാണ് നോട്ടീസ് അയച്ചത്.
അസാം സ്വദേശിയായ വ്യോമസേനാ ഉദ്യോഗസ്ഥൻ സൗമ്യ ദീപ് ദാസാണ് ഫൈറ്റർ സിനിമക്കെതിരെ പരാതി നൽകിയത്. യൂണിഫോം ധരിച്ച് ചുംബിക്കുന്ന രംഗം വ്യോമസേനയെ അപമാനിക്കുന്നെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയത്.
ഒരു ഭീകരാക്രമണത്തെ വ്യോമസേനയിലെ ഒരു സംഘം നേരിടുന്നതാണ് ഇതിവൃത്തം. രണ്ട് യുദ്ധവിമാന പൈലറ്റുമാരായാണ് ഹൃത്വിക് റോഷനും ദീപിക പദുക്കോണും സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ ഹൃത്വിക് റോഷനെയും ദീപിക പദുക്കോണിനെയും കൂടാതെ അനിൽ കപൂർ, അക്ഷയ് ഒബ്റോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 25-നാണ് ഫൈറ്റർ തിയേറ്ററുകളിലെത്തിയത്.
രമോൺചിബ്, സിദ്ധാർത്ഥ് ആനന്ദ് എന്നിവർ ചേർന്നാണ് ഫൈറ്റിന്റെ തിരക്കഥ എഴുതിയത്. വിശാൽ – ശേഖർ സംഗീതം നിർവഹിച്ച ചിത്രത്തിൽ മലയാളിയായ സത്‌ചിത് പൗലോസാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്. ഷാരൂഖ് ഖാൻ നായകനായ പത്താനുശേഷം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റർ. Viacom18 സ്റ്റുഡിയോ, മാർഫ്ലിക്സ് മൂവീസ് എന്നീ പ്രൊഡക്ഷൻ കമ്പനികൾ ചേർന്നായിരുന്നു നിർമ്മാണം.















