തിരുവനന്തപുരം: വർക്കലയിൽ കോൺട്രാക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഒറ്റൂർ തോപ്പിൽ വട്ടവിള വട്ടിൽ ഉണ്ണിയെയാണ് അറസ്റ്റ് ചെയ്തത്. കോൺട്രാക്ടറായ വടശ്ശേരിക്കോണം ആർഎസ് നിവാസിൽ രാജുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
ഈ കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. വടശ്ശേരിക്കോണം അംബേദ്ക്കർ കോളനിക്ക് സമീപമുള്ള ചായക്കടയ്ക്ക് മുന്നിൽ വച്ചാണ് പ്രതി ആക്രമണം നടത്തിയത്. ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും തുടർന്ന് വാക്കുതർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. തുടർന്ന് കൈവശമുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് രാജുവിന്റെ തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ചുവെന്നാണ് കേസ്.
ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.