ന്യൂഡൽഹി: കേരള സർക്കാരിന്റെ വായടപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രത്തിൽ നിന്നും കിട്ടാനുള്ള വിഹിതം ലഭിക്കുന്നില്ലെന്നുള്ള സംസ്ഥാന സർക്കാരിന്റെ വാദങ്ങൾക്കായിരുന്നു ധനമന്ത്രിയുടെ മറുപടി. കേരളത്തിന് നൽകിയ വിഹിതത്തിന്റെ കണക്ക് പാർലമെന്റിൽ അവതരിപ്പിച്ചായിരുന്നു കേന്ദ്രമന്ത്രി കേരള സർക്കാരിനെ വിമർശിച്ചത്. യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികമായി ലഭിച്ചിട്ടുണ്ടെന്ന് കണക്കുകൾ അവതരിപ്പിച്ചു കൊണ്ട് നിർമലാ സീതാരാമൻ വ്യക്തമാക്കി.
പാർലമെന്റിൽ കണക്കുകൾ നിരത്തിയ ധനമന്ത്രി, ഫണ്ട് കേരളത്തിന് ലഭിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് കേരളം വ്യക്തമാക്കണമെന്നും കണക്കുകളെല്ലാം സുതാര്യമാണെന്നും പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ എൻഡിഎ സർക്കാർ കേരളത്തിന് 1,43,117 കോടി രൂപയാണ് ഗ്രാൻഡായി നൽകിയത്. എന്നാൽ യുപിഎ സർക്കാരിന്റെ ഭരണക്കാലത്ത് 25,629 കോടി രൂപ മാത്രമായിരുന്നു നൽകിയിരുന്നത്. ഇതിൽ നിന്നും വലിയ വർദ്ധനവാണ് നരേന്ദ്രമോദി സർക്കാർ വരുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
കേരള സർക്കാർ ജനങ്ങളെ പറഞ്ഞ് പറ്റിച്ച് ഡൽഹിയിൽ സമരം ചെയ്യുകയാണ്. വെറുതെ കെട്ടിച്ചമച്ചതല്ല കണക്കുകൾ, ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും ധനമന്ത്രി പാർലമെന്റിൽ പറഞ്ഞു. 2020-2021 സാമ്പത്തിക വർഷത്തിൽ മൂലധന ചെലവിനുള്ള പ്രത്യേക ധനസഹായമായി 82 കോടിയാണ് നൽകിയത്. 2021-2022ൽ 239 കോടിയും 2022-2023ൽ 1,903 കോടിയും അധിക കടമെടുപ്പ് തുകയായി 18,087 കോടി രൂപയും എൻഡിഎ സർക്കാർ അനുവദിച്ചു.
യുപിഎ സർക്കാരിന്റെ കാലത്തെ മോശം സാമ്പത്തിക അവസ്ഥയെ തുറന്നു കാണിക്കുന്ന ധവളപത്രം പാർലമെന്റിൽ അവതരിപ്പിച്ചു കൊണ്ടാണ് നിർമലാ സീതാരാമൻ ഇത് പറഞ്ഞത്. യുപിഎ-എൻഡിഎ സർക്കാരുകളുടെ പത്തു വർഷങ്ങൾ താരതമ്യം ചെയ്യുന്ന 56 പേജുള്ള ധവളപത്രമാണ് സഭയിൽ അവതരിപ്പിച്ചത്.