പാലക്കാട്: ക്ഷേമപെൻഷൻ നൽകാതെ ജനങ്ങളെ സർക്കാർ വഞ്ചിക്കുന്നതിനെതിരെ പ്രതിഷേധവുമായി വീണ്ടും വൃദ്ധരുടെ സമരം. പാലക്കാട് അകത്തേത്തറ പഞ്ചായത്തിന് മുന്നിലാണ് പ്രതിഷേധം. പഞ്ചായത്തിന് മുന്നിൽ കട്ടിലിട്ട് വൃദ്ധ മാതാവും മകളും സമരം നടത്തുകയാണ്. 92 വയസ്സുകാരി പത്മാവതി അമ്മയും മകൾ 67 കാരി ഇന്ദിരയുമാണ് സമരം നടത്തുന്നത്. ജനങ്ങളെ വഞ്ചിക്കാതെ കേരള സർക്കാർ ക്ഷേമ പെൻഷൻ നൽകണമെന്നാണ് ഇവരുടെ ആവശ്യം.
ഇന്ന് രാവിലെയാണ് പഞ്ചായത്ത് തുറക്കുന്നതിനും മുമ്പ് വൃദ്ധയും മകളും കട്ടിലിട്ട് പ്രതിഷേധം ആരംഭിച്ചത്. ആറുമാസമായിട്ടും പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ്സമരം നടത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കി. പെൻഷൻ പണം ലഭിക്കാത്തതിനാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും ഇതിന് പരിഹാരം കാണാതെ സമരം നിർത്തില്ലെന്നും വൃദ്ധ മാതാവ് പറഞ്ഞു.