എറണാകുളം: മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലക്കാരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരാണ്. സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിക്കുന്നുണ്ട്. ഇത് തങ്ങളുടെ കുടുംബത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയില്‍ കോടതി സിനിമയുടെ അണിയറപ്രവർത്തകർകർക്ക് നോട്ടീസ് അയച്ചു. ഭ്രമയുഗം തിയേറ്ററിലെത്താൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലാണ് കുഞ്ചമൺ പോറ്റിയെക്കുറിച്ച് പറയുന്നത്. മന്ത്രവാദത്തിലൂടെ ആദ്യമായി ചാത്തനെ നേരിട്ട് വരുത്തിയ ആളായാണ് കുഞ്ചമണ്‍ പോറ്റിയെ ഐതീഹ്യമാലയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഭ്രമയുഗത്തിൽ ഐതീഹ്യമാലയിൽ നിന്നും എടുത്ത തങ്ങളുടെ കഥയാണ് പറയുന്നതെന്നാണ് ഹർജിക്കാർ പറയുന്നത്. എന്നാൽ ഈ കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി’ എന്നു വിളിക്കുന്ന കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്.
കൂടാതെ, മമ്മൂട്ടിയെപ്പോലൊരു നടൻ അഭിനയിക്കുന്ന സിനിമ ആകുമ്പോൾ ഒരുപാടുപേരെ സ്വാധീനിക്കും. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളോട് ഇതിനെക്കുറിച്ച് വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടുമില്ല. ഇത്തരമൊരു ചിത്രീകരണം തങ്ങളുടെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുമെന്നും ഭയമുണ്ട്. ചിത്രത്തിൽ നിന്നും തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
അതേസമയം, ഹർജി നൽകിയതോടെ കുഞ്ചമൺ പോറ്റി എന്ന തീം സോംഗിന്റെ പേര് അണിയറപ്രവർത്തകർ യൂട്യൂബിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. കൊടുമൺ പോറ്റി എന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന പേര്. പോസ്റ്ററിൽ പോറ്റി തീം എന്ന് മാത്രമാണുള്ളത്.















